ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2.30 പാർലമെന്റ് സെൻട്രൽ ഹാളിൽ ഇന്ത്യ സഖ്യ അംഗങ്ങൾക്കായി തിരഞ്ഞെടുപ്പിനായുള്ള ‘മോക്ക് പോൾ’ നടത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർലമെന്റ് സെൻട്രൽ ഹാളിൽ പ്രതിപക്ഷ എംപിമാർ ഇന്ന് യോഗം ചേരും. ഇന്ന് വൈകീട്ട് 7.30 ന് പ്രതിപക്ഷ അംഗങ്ങൾക്കായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അത്താഴവിരുന്ന് നൽകും.
എൻഡിഎ സ്ഥാനാർഥി സി പി രാധാകൃഷ്ണനും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി ബി സുദർശൻ റെഡ്ഡിയും തമ്മിലാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം. പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾ ഉൾപ്പെട്ട ഇലക്ട്രോറൽ കോളജിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. എന്നാൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനെ ഒരു പ്രത്യയശാസ്ത്ര പോരാട്ടമായിട്ടാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. ഇന്നലെ ഇന്ത്യ സഖ്യം സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡി എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യസഭയെ സംവാദത്തിനുള്ള യഥാർത്ഥ വേദിയാക്കി മാറ്റുമെന്നും പാർലമെന്ററി സമിതികളെ രാഷ്ട്രീയ സമ്മർദങ്ങളിൽനിന്നും മുക്തമാക്കുമെന്നുമാണ് സുദർശൻ റെഡ്ഡി പറഞ്ഞത്.
നാളെ രാവിലെ 10 മണിക്ക് പോളിംഗ് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കും. വൈകീട്ട് തന്നെ ഫലം പ്രഖ്യാപിക്കും. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറും രാജ്യസഭ സെക്രട്ടറി ജനറലുമായ പി സി മോഡിയാണ് പാർലമെന്റ് ഹൗസിലെ പോളിംഗ് ക്രമീകരണങ്ങൾ നടത്തുക. ആകെ 783 എംപിമാരിൽ എൻഡിഎയ്ക്ക് 422 പേരും പ്രതിപക്ഷത്ത് 320 പേരും ആണ് നിലവിൽ ഉള്ളത്. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
















