തെൽ അവീവ്: ഇസ്രായേലിലെ റാമോൺ വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ആഗമന ഹാൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം രണ്ട് മണിക്കൂർ തടസ്സപ്പെട്ടു. വിമാനത്താവളത്തിന്റെ പ്രവേശനകവാടത്തിലാണു ഡ്രോൺ പതിച്ചത്. മറ്റു ഡ്രോണുകൾ ഇസ്രയേൽ സേന വെടിവച്ചിട്ടു.
മേയിൽ ടെൽ അവീവിലെ ബെൻ ഗുരിയോൺ രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതികളുടെ മിസൈലാക്രമണത്തിൽ 4 പേർക്കു പരുക്കേറ്റിരുന്നു. തിരിച്ചടിയായി യെമൻ തലസ്ഥാനമായ സനായിലെ രാജ്യാന്തരവിമാനത്താവളം ഇസ്രയേൽ ബോംബിട്ടു തകർക്കുകയും ചെയ്തു.
റാമോൺ വിമാനത്താവളം ലക്ഷ്യമിട്ട ഡ്രോൺ വിമാനത്താവളത്തിൽ ഇടിച്ചുകയറി വിമാനത്താവളം അടച്ചുപൂട്ടാനും വ്യോമഗതാഗതം തടസ്സപ്പെടാനും കാരണമായെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരീഅ് പറഞ്ഞു. വിശാലമായ സൈനിക നീക്കത്തിന്റെ ഭാഗമാണ് ആക്രമണമെന്നും തെക്കൻ ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇനിയും ആക്രമണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
















