പരസ്യം ചെയ്യാൻ ലൈസൻസ് നിർബന്ധമാക്കി കുവൈത്ത്. സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും പരസ്യങ്ങൾ നിയന്ത്രിക്കാൻ പുതിയ മാധ്യമ നിയമം ഉടൻ കൊണ്ടുവരുമെന്നാണ് ഇൻഫർമേഷൻ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ നടക്കുന്ന തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി പരസ്യം ചെയ്യുന്നതിന് സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ, കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയങ്ങളിൽ നിന്ന് ലൈസൻസ് നിർബന്ധമാക്കും.
അതേസമയം പുതിയ മാധ്യമ നിയമത്തിൽ പരസ്യത്തിന്റെ രീതിയും സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും സംബന്ധിച്ച് രണ്ട് അധ്യായങ്ങളുണ്ട്. സെലിബ്രിറ്റികളുടെയും കോർപ്പറേറ്റ് പരസ്യങ്ങളുടെയും കാര്യത്തിൽ മന്ത്രാലയത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
ഉപഭോക്തൃ അവകാശങ്ങളെ ബാധിക്കാതെ, എല്ലാവരെയും നിയമപരവും വാണിജ്യപരവുമായ വ്യവസ്ഥകൾക്ക് വിധേയരാക്കി ഉത്തരവാദിത്തമുള്ളവരാക്കി മാറ്റും. പരസ്യങ്ങൾ നൽകുന്ന ഇൻഫ്ലുവൻസർമാർ, സെലിബ്രിറ്റികൾ, കമ്പനികൾ എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇൻഫർമേഷൻ മന്ത്രാലയം പരിശോധിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങളിലൊന്ന്.
ഇതിനായി ഇൻഫർമേഷൻ, കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയങ്ങൾ സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
















