ജിഎസ്‌ടി പരിഷ്ക്കരണത്തിനു പിന്നാലെ ഉയർന്ന പരാതികൾ പരിഹരിക്കാൻ കാബിനറ്റ് സെക്രട്ടേറിയറ്റ് വിളിച്ച ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ നിർണായക യോഗം ഇന്ന്. ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽസ്, വളം തുടങ്ങിയ മേഖലകളിലെ പ്രശ്ന പരിഹരത്തിനായാണ് യോഗം വിളിച്ചതെന്നാണ് വിവരം. ജിഎസ്‌ടി നിരക്ക് കുറയ്ക്കുന്നതിലൂടെയുള്ള ആനുകൂല്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് മന്ത്രാലയങ്ങൾക്ക് വ്യവസായ മേഖലയുമായി എങ്ങനെ ബന്ധപ്പെടാമെന്നതും യോഗം ചർച്ച ചെയ്യും.
ഫാക്ടറിയിൽ നിന്ന് പുറത്ത് ഇറങ്ങി സെപ്റ്റംബർ 22-ന് ശേഷം വിൽക്കാനുള്ള വാഹനങ്ങളിൽ ഈടാക്കിയ സെസ് ക്രമീകരിക്കുന്നതിനുള്ള പ്രശ്നമാണ് പ്രധാനമായി ഓട്ടോമൊബൈൽ മേഖലയിൽ നിന്ന് ഉയരുന്നത്. നിര്‍മ്മാണ വസ്തുക്കളുടെ ജിഎസ്‌ടിയില്‍ കുറവില്ലെന്നാണ് ചൂണ്ടിക്കാട്ടി സൈക്കിൾ, ട്രാക്ടറുകൾ, വളം വ്യവസായ പ്രതിനിധികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
ടെക്സ്റ്റൈൽസ്, വസ്ത്ര വ്യവസായ പ്രതിനിധികളും ജിഎസ്‌ടി പരിഷ്കരണം വിപണിയിൽ അസമത്വം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി. 2500 രൂപയ്ക്ക് മുകളില്‍ ഉള്ള വസ്ത്രങ്ങൾക്ക് 18 ശതമാനവും അതിന് താഴെയാണെങ്കില്‍ അഞ്ചു ശതമാനം ജിഎസ്‌ടിയുമായാണ് പരിഷ്കരണം. എന്നാല്‍ വസ്ത്ര നിര്‍മ്മാണത്തിനുള്ള ഫാബ്രിക്കിന് 5 ശതമാനമാണ് ജിഎസ്‌ടി, ഇത് സാങ്കേതിക തടസങ്ങൾ ഉണ്ടാക്കും എന്നാണ് വസ്ത്ര വ്യാപാരികൾ പറയുന്നത്.
ജിഎസ്‌ടി പരിഷ്കരണം നടപ്പിലാക്കുമ്പോൾ, പ്രത്യേകിച്ച് കാർഷിക ഇനങ്ങൾക്കും ട്രാക്ടറുകൾക്കും, വിപരീത തീരുവ ഘടനയിലെ അപാകതകൾ പരിഹരിക്കുന്നതിന് സർക്കാർ ബോധപൂർവ്വം പ്രവർത്തിച്ചിരുന്നു. ട്രാക്ടർ വ്യവസായത്തിൽ, യന്ത്രസാമഗ്രികളുടെയും പാർട്സുകളുടെയും നിരക്ക് 5 ശതമാനമായി കുറച്ചിട്ടുണ്ട്. എന്നാൽ ചില ഭാഗങ്ങൾ ഇപ്പോഴും മറ്റു ഓട്ടോ പാർട്സുകൾക്കൊപ്പം 18 ശതമാനം തീരുവയിലാണ്. കൂടാതെ, സൈക്കിളുകളുടെ ജിഎസ്‌ടി 5 ശതമാനമായി കുറച്ചിട്ടുണ്ട്. എന്നാൽ സ്റ്റീൽ, പ്ലാസ്റ്റിക് മുതലായ അസംസ്കൃത വസ്തുക്കളുടെ ജിഎസ്‌ടി 18 ശതമാനമായി തുടരുകയാണ്.
















