റഷ്യയ്‌ക്കെതിരായ “രണ്ടാം ഘട്ട” ഉപരോധത്തിലേക്ക് നീങ്ങാൻ തയ്യാറാണെന്ന സൂചന നൽകി അമേകിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ്. ഇത് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെയും ബാധിച്ചേക്കാം.കീവിലെ ഒരു പ്രധാന സർക്കാർ സമുച്ചയം ആക്രമിച്ച്, റഷ്യ സമീപകാലത്തെ ഏറ്റവും വലിയ വ്യോമാക്രമണം യുക്രെയ്‌നിൽ നടത്തിയതിന് ശേഷമാണ് ട്രംപിന്റെ പ്രസ്താവന വന്നത് .
റഷ്യയ്ക്കെതിരെയോ അവരുടെ എണ്ണ വാങ്ങുന്നവർക്കെതിരെയോ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ തയ്യാറാണോ എന്ന ചോദ്യത്തിന് കൂടുതൽ വിശദാംശങ്ങൾ നൽകാതെ “അതെ, ഞാൻ തയ്യാറാണ്” എന്ന മറുപടിയാണ് ട്രംപ് നൽകിയത്.ന്യൂയോര്‍ക്കിലെ യുഎസ് ഓപ്പണിനായി പുറപ്പെടുന്നതിന് മുമ്പ് വൈറ്റ് ഹൗസിന് പുറത്തുവെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായായിരുന്നു ട്രംപിന്റെ പ്രതികരണം.ട്രംപിന്റെ പ്രതികരണത്തിന് മുമ്പ് തന്നെ റഷ്യയിലും ഇന്ത്യയടക്കം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്കും അമേരിക്ക കൂടുതല്‍ താരിഫ് പ്രഖ്യാപിക്കുമെന്നുള്ള സൂചനകളുണ്ടായിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്ക് മേല്‍ കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ്‌സ് പ്രഖ്യാപിച്ചിരുന്നു.
അത്തരമൊരു ഉപരോധം ഏര്‍പ്പെടുത്തിയാൽ മാത്രമേ യുക്രെയ്‌നുമായുള്ള ചര്‍ച്ചയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ പ്രേരിപ്പിക്കാന്‍ സാധിക്കുകയുള്ളുവെന്നായിരുന്നു സ്‌കോട്ട് പറഞ്ഞത്. നേരത്തേ അലാസ്‌കയില്‍ ട്രംപിന്റെ മധ്യസ്ഥതയില്‍ പുടിനുമായി ചർച്ച നടത്തിയിട്ടും സമാധാനം കൊണ്ടുവരാനുള്ള ട്രംപിന്റെ മധ്യസ്ഥത ഫലവത്തായിരുന്നില്ല.
താരിഫ് യുദ്ധത്തിനിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല സുഹൃത്താണെന്നും ഇന്ത്യ യുഎസ് ബന്ധം വളരെ പ്രധാനപ്പെട്ട ഒന്നായി തുടരുമെന്നും ട്രംപ് പറഞ്ഞിരുന്നു. മോദി മഹാനായ പ്രധാനമന്ത്രിയാണെന്ന് അഭിപ്രായപ്പെട്ട ട്രംപ് എന്നാൽ അദ്ദേഹം സ്വീകരിക്കുന്ന ചില നിലപാടുകൾ ഇഷ്ടപ്പെടാറില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്കും യുഎസിനുമിടയില്‍ നല്ല ബന്ധം തുടരുമെന്നും വിഷമിക്കേണ്ട ഒരു കാര്യവുമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് കൂടി ബാധകമാകുന്ന വിധത്തിലുള്ള ഉപരോധമേർപ്പെടുത്താൻ ട്രംപ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നത്.
















