ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിനു പിന്നാലെ യൂറോപ്യൻ യൂണിയൻ സംഘം ഇന്ത്യയിലേക്ക്. യൂറോപ്യൻ വ്യാപാര കമ്മീഷണർ മാരോസ് സെഫ്‌കോവിച്ചിന്റെയും അഗ്രിക്കൾച്ചർ കമ്മീഷണർ ക്രിസ്റ്റോഫ് ഹാൻസെന്റെയും നേതൃത്വത്തിലുള്ള സംഘം ഈ ആഴ്ച ഡൽഹിയിൽ എത്തും.
കാബിനറ്റ് മന്ത്രിമാർക്ക് തുല്യമായ പദവിയുള്ള കമ്മീഷണർമാരായിരിക്കും ബ്രസ്സൽസിൽ നിന്നുള്ള 30 അംഗ സംഘത്തെ നയിക്കുക. വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ , കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുമായി സംഘം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.
അന്തിമ കരാറിലെത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യൻ സംഘം ഇന്ത്യയിലെത്തുന്നത്. യുഎസിന്റെ താരിഫ് സമ്മർദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചർച്ചകൾക്ക് അടിയന്തിര പ്രാധാന്യം ലഭിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ആഴ്ച യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിക്കുകയും, റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ, ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു.
യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ, പ്രാദേശിക- ആഗോള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നേതാക്കൾ പങ്കുവെച്ചു. സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനും എത്രയും വേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യയുടെ തുടർച്ചയായ പിന്തുണ പ്രധാനമന്ത്രി മോദി ആവർത്തിച്ചു.
വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, നൂതനാശയം, സുസ്ഥിരത, പ്രതിരോധം, സുരക്ഷ, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി തുടങ്ങിയ പ്രധാന മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളിൽ ഉണ്ടായ പുരോഗതിയെ നേതാക്കൾ സ്വാഗതം ചെയ്തു. കൂടാതെ, ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും ഐഎംഇഇസി ഇടനാഴി നടപ്പിലാക്കുന്നതിനുമുള്ള പൊതുവായ പ്രതിബദ്ധത സംഭാഷണത്തിനിടെ നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു.
















