ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിലെ ഗുദ്ദാർ വനമേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ജമ്മു കശ്‌മീർ പൊലീസ് പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ഇന്ത്യൻ സൈന്യവും ജമ്മു കശ്‌മീർ പൊലീസും സിആർപിഎഫും സംയുക്തമായി തെരച്ചിൽ ആരംഭിച്ചു. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിക്കുകയും ഒരു ഭീകരനെ കൊലപ്പെടുത്തുകയും ചെയ്‌തു.
മേഖലയില്‍ ഇനിയും ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും ഓപ്പറേഷൻ തുടരുകയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. “സംശയാസ്‌പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട ജാഗ്രത പുലർത്തിയ സൈനികർ വന മേഖലയില്‍ തെരച്ചില്‍ ആരംഭിച്ചു, ഇതിനിടെ തീവ്രവാദികൾ വെടിയുതിർത്തു. തുടർന്ന് ശക്തമായ വെടിവയ്‌പുണ്ടായി. ഒരു തീവ്രവാദിയെ വധിക്കുകയും ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഓപ്പറേഷൻ പുരോഗമിക്കുന്നു,” ഇന്ത്യൻ ആർമിയിലെ ചിനാർ കോർപ്‌സ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
രണ്ടോ മൂന്നോ ഭീകരർ ഇപ്പോഴും പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്, ഏറ്റുമുട്ടൽ തുടരുകയാണ്. ജമ്മു കശ്‌മീർ പൊലീസിൻ്റെ പ്രത്യേക ഇൻ്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്, ഇന്ത്യൻ ആർമി, ജമ്മു കശ്‌മീർ പൊലീസ്, ശ്രീനഗർ സിആർപിഎഫ് എന്നിവർ പ്രദേശത്ത് സംയുക്തമായി തെരച്ചിൽ നടത്തിയെന്നും എക്‌സിലെ ഒരു പോസ്റ്റിൽ ചിനാർ കോർപ്‌സ് പറഞ്ഞു. സിഒപി ഗുദ്ദാർ, കുൽഗാം എന്നിവിടങ്ങളിലാണ് ഭീകരരുടെ സാന്നിധ്യമുള്ളത്. ഗുദ്ദാർ വനത്തിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. ജമ്മു കശ്‌മീർ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, ആർമി, സിആർപിഎഫ് എന്നിവർ സ്ഥലത്തുണ്ടെന്ന് കശ്‌മീർ സോണൽ പൊലീസ് അറിയിച്ചു.
നേരത്തെ, ജമ്മുവിലെ ആർഎസ് പുര സെക്‌ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ (ഐബി) ഒരു പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്‌തിരുന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സർഗോധ നിവാസിയായ സിറാജ് ഖാൻ ആണ് നുഴഞ്ഞുകയറ്റക്കാരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഞായറാഴ്‌ച രാത്രി 9.20 ന് ഒക്‌ട്രോയ് ഔട്ട്‌പോസ്റ്റിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന അതിർത്തി സുരക്ഷാ സേന (ബിഎസ്‌എഫ്) സൈനികർ നുഴഞ്ഞുകയറ്റക്കാരനെ ശ്രദ്ധിച്ചു. ശേഷം സൈനികർ കുറച്ച് റൗണ്ട് വെടിവച്ചു, തുടർന്ന് അതിർത്തി വേലിക്ക് സമീപം അയാളെ അറസ്റ്റ് ചെയ്‌തു. ഇയാളിൽ നിന്ന് ചില പാകിസ്ഥാൻ കറൻസി നോട്ടുകൾ കണ്ടെടുത്തു. ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചതിന് പിന്നിലെ ഉദ്ദേശ്യം കണ്ടെത്തുന്നതിനാണ് ഇയാളെ ചോദ്യം ചെയ്‌തു വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
















