ഭീകരവാദ ഫണ്ടിങ്, ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് അഞ്ച് സംസ്ഥാനങ്ങളിലെ 22 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ റെയ്‌ഡ്. ജമ്മു കശ്‌മീരിന് പുറമെ തമിഴ്‌നാട്, കർണാടക, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലാണ് റെയ്‌ഡ്. കശ്‌മീരിലെ ബുഡ്‌ഗാം, കുൽഗാം, പട്ടാൻ, പുൽവാമ, കങ്കൺ പ്രദേശങ്ങളിൽ ഇന്ന് രാവിലെ എൻഐഎ തെരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ലോക്കൽ പൊലീസിന്‍റെയും സിആർപിഎഫിന്‍റെയും സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഭീകരവാദ ഫണ്ടിങ്ങും നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തിയതും ഉൾപ്പെടെയുള്ള ചില ഉന്നത ഭീകരവാദ കേസുകൾ എൻഐഎ അന്വേഷിച്ച് വരികയാണ്. ഇതിന്‍റെ ഭാഗമായാണ് നിലവിലെ റെയ്‌ഡ്. 2024 ജൂൺ 9 ന് ജമ്മു ഡിവിഷനിലെ റിയാസി ജില്ലയിൽ തീവ്രവാദികൾ 9 തീർഥാടകരെ കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഈ കേസ് എൻഐഎ അന്വേഷിക്കുന്നുണ്ട്. റിയാസി ആക്രമണത്തിന് പിന്നിലെ തീവ്രവാദികൾക്ക് അഭയം നൽകിയ ചിലരെ അറസ്റ്റ് ചെയ്‌തിരുന്നു.
ഏപ്രിൽ 22 ന് പഹൽഗാമിലെ ബൈസരൻ വാലിയില്‍ പാകിസ്ഥാൻ പിന്തുണയുള്ള ലഷ്‌കർ ഇ തൊയ്ബ ഭീകരർ നടത്തിയ ഭീകരാക്രമണത്തിന്‍റെ അന്വേഷണവും നിലവില്‍ എൻഐഎയ്‌ക്ക് ആണ്. ബൈസരൻ വാലിയില്‍ ഉണ്ടായ ആക്രമണത്തിൽ 25 വിനോദസഞ്ചാരികളും കുതിരക്കാരനായ ഒരു സ്വദേശിയും കൊല്ലപ്പെട്ടിരുന്നു. പിന്നാലെ വലിയ ആക്രമണ പ്രത്യാക്രമണങ്ങളാണ് ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയില്‍ ഉണ്ടായത്.
2025 ജൂലൈ 28 ന് സംയുക്ത സേന നടത്തിയ ആക്രമണത്തിൽ സുലൈമാൻ, ജിബ്രാൻ, ഹംസ അഫ്‌ഗാനി എന്നീ മൂന്ന് പാകിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടു. ശ്രീനഗർ ജില്ലയിലെ ഹർവാൻ പ്രദേശത്തെ ഡാച്ചിഗാം ദേശീയോദ്യാനത്തിന്‍റെ ഉയർന്ന പ്രദേശത്തുള്ള മഹാദേവ് കൊടുമുടിയുടെ താഴ്‌വരയില്‍ വച്ചാണ് ഈ മൂന്ന് ലഷ്‌കർ ഇ തൊയ്ബ ഭീകരരെ വധിച്ചത്. പഹല്‍ഗാം ഭീകരാക്രമണം നടത്തിയ തീവ്രവാദികളാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഈ മൂന്ന് ഭീകരർക്കെതിരായ നടപടി ഉണ്ടായത്. ഈ ഓപ്പറേഷനെ സൈന്യം ‘ഓപ്പറേഷൻ മഹാദേവ്’എന്ന് വിളിച്ചു. 2024-ൽ ദക്ഷിണ കശ്‌മീരിൽ നടന്ന ഒരു ഏറ്റുമുട്ടലിന് ശേഷം സുരക്ഷാ സേന പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്ത ഫോട്ടോകളുടെ സഹായത്തോടെ ‘ഓപ്പറേഷൻ മഹാദേവി’ല്‍ കൊല്ലപ്പെട്ട ഈ മൂന്ന് തീവ്രവാദികളെ തിരിച്ചറിയുകയും ട്രാക്ക് ചെയ്യുകയും ചെയ്‌തിരുന്നതായി ഓപ്പറേഷനുശേഷം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
















