ഏഷ്യാ കപ്പ് പുരുഷ ഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലിൽ 4–1 ന് നിലവിലെ ചാമ്പ്യന്മാരായ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം ഉയര്‍ത്തിയത്. ജയത്തോടെ അടുത്ത വർഷത്തെ എഫ്‌ഐഎച്ച് ലോകകപ്പിന് ഇന്ത്യ യോഗ്യത നേടി. 2026 ഓഗസ്റ്റ് 14 മുതൽ 30 വരെ ബൽജിയത്തിലും നെതർലൻഡ്‌സിലുമായാണ് പുരുഷ ഹോക്കി ലോകകപ്പ്.
നാല് കിരീടങ്ങളുമായി, അഞ്ച് തവണ ചാമ്പ്യന്മാരായ കൊറിയയ്ക്ക് പിന്നിൽ ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ രണ്ടാമത്തെ ടീമായി ഇന്ത്യ മാറി. 2003 (ക്വാലലംപൂർ), 2007 (ചെന്നൈ) എന്നീ കോണ്ടിനെന്‍റൽ ടൂർണമെന്‍റുകളിലെ വിജയങ്ങൾക്ക് ശേഷം 2017 ൽ ധാക്കയിലാണ് ഇന്ത്യ അവസാനമായി കിരീടം നേടിയത്. രാജ്‌ഗിര്‍ സ്‌പോർട്‌സ് കോംപ്ലക്‌സില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ദിൽപ്രീതും (28, 45 മിനിറ്റ്) സുഖ്‌ജീത് സിംഗും (ഒന്നാം മിനിറ്റ്) മികച്ച ഫീൽഡ് ഗോളുകൾ നേടിയപ്പോൾ, അമിത് രോഹിദാസ് (50) പെനാൽറ്റി കോർണർ ഗോളാക്കി മാറ്റി. 51-ാം മിനിറ്റിൽ ഡെയ്ൻ സൺ ആണ് കൊറിയയുടെ ഏക ഗോൾ നേടിയത്.















