ജിന്ദ്: ഹരിയാന ജിന്ദ് സ്വദേശിയായ യുവാവ് കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ചു. കപിൽ (26) ആണ് കൊല്ലപ്പെട്ടത്. അമേരിക്കയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം.
കപിൽ ജോലി ചെയ്യുന്ന സ്ഥലത്ത് അമേരിക്കൻ യുവാവ് പരസ്യമായി മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചോദ്യം ചെയ്തതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് യുവാവ് കപിലിന് നേരെ നിരവധി തവണ വെടിയുതിർക്കുകയുമായിരുന്നു. കപിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
രണ്ട് വർഷം മുൻപ് ‘ഡോങ്കി റൂട്ട്’ വഴിയാണ് കപിൽ അമേരിക്കയിലേക്ക് പോയത്. ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ചാണ് അമേരിക്കയില്‍ എത്തിയത്. തങ്ങളുടെ മകൻ്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. കപിലിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് കുടുംബം പ്രാദേശിക ഭരണകൂടത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
















