കണ്ണൂരിലെ ജൈവ പരിസ്ഥിതി മേഖലയായ മാടായിപ്പാറയിൽ അനുമതിയില്ലാതെ പലസ്‌തീൻ അനുകൂല പ്രകടനവും പൊതുയോഗവും നടത്തിയത് സംസ്ഥാന തലത്തില്‍ ഉന്നയിക്കാൻ ഒരുങ്ങുകയാണ് ബിജെപി. സംഭവത്തില്‍ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ്റെ 30 പ്രവർത്തകർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്‌ട്രീയ ആയുധമാക്കാൻ ബിജെപി ഒരുങ്ങുന്നത്. ഓണവും നബി ദിനവും ഒന്നിച്ചു വന്ന വെള്ളിയാഴ്‌ച വൈകിട്ട് 6 മണിയോടെയായിരുന്നു വിവാദത്തിന് വഴിയൊരുക്കിയ പലസ്‌തീൻ അനകൂലം പ്രകടനം നടന്നത്.
ജൈവവൈവിധ്യത്തിന് നാശം വരുത്തിയെന്ന് ആരോപിച്ച് കൊടികളും ബാനറുകളും വഹിച്ചുകൊണ്ട് അഫ്ര ശിഹാബിൻ്റെ നേതൃത്വത്തിലുള്ള സംഘം മാടായിപ്പാറയിലെ ദേവസ്വം ഭൂമിയിൽ അതിക്രമിച്ചു കയറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌ത്. ചിറക്കൽ കോവിലകത്തിൻ്റെ കീഴിൽ ഉള്ള ഭൂമിയിൽ ആണ് പലസ്‌തീൻ അനുകൂല പ്രകടനം നടന്നത്. മാടായിയിൽ പലസ്‌തീൻ അനുകൂല പ്രകടനം നടത്തിയവരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആണ് ബിജെപിയുടെ ആവശ്യം.
മാടായിപ്പാറ ദേവസ്വം ഭൂമിയിലാണ് തിരുവോണ ദിവസം ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ്റെ നാൽപ്പതോളം പ്രവർത്തകർ പ്രകടനം നടത്തിയത്. ഇന്ത്യ വിരുദ്ധ മുദ്രാവാക്യവും മുഴക്കിയിരിക്കുന്നുവെന്നും പെൺകുട്ടികൾ പോലും രാജ്യദ്രോഹ പ്രവർത്തനം നടത്തുന്ന സാഹചര്യമാണ് കണ്ണൂർ ജില്ലയിലുള്ളതെന്നും ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് എ.വി. സനൽ കുമാർ പ്രതികരിച്ചു. അതീവ ഗൗരവത്തോടെ ഈ പ്രശ്‌നത്തത്തെ കാണണം.
നിസാര വകുപ്പ് ചുമത്തി കേസെടുത്ത് പ്രശ്‌നത്തെ ലഘൂകരിക്കാനാണ് പൊലീസ് അധികാരികൾ ശ്രമിക്കുന്നത്. രാജ്യദ്രോഹ കുറ്റം ചുമത്തണം. ഇവർക്കുവേണ്ടി സഹായം ചെയ്‌തവരെയും കണ്ടെത്തണം. ഒരു സ്‌കൂൾ ബസിലാണ് പ്രകടനത്തിൽ പങ്കെടുക്കുന്നതിന് പ്രവർത്തകരെ മാടായിപ്പാറയിൽ എത്തിച്ചത്. സ്‌കൂൾ അധികൃതർക്കെതിരെയും നടപടി സ്വീകരിക്കണം. സ്‌കൂൾ അധികൃതർക്കെതിരെ വകുപ്പുതല നടപടി വേണം. പൊലീസിൻ്റെ ഭാഗത്തുനിന്ന് കൃത്യവിലോപം തുടരുകയാണെന്നും സനൽ കുമാർ പറഞ്ഞു.