ഇന്ത്യയ്ക്കുമേലുള്ള അമേരിക്കയുടെ തീരുവ സമ്മർദ്ദങ്ങളെ പിന്തുണച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്കി. റഷ്യയുമായി കരാർ തുടരുന്ന രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആശയം ശരിയാണെന്ന് കരുതുന്നതായി സെലെൻസ്കി പറഞ്ഞു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായി തുടരുന്ന സാഹചര്യത്തിലാണ് സെലെൻസ്കിയുടെ പ്രതികരണം. റഷ്യയുമായി തുടർച്ചയായി കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്ക് തീരുവ ചുമത്തിയത് നല്ല ആശയമാണെന്ന് ഞാൻ കരുതുന്നുവെന്ന് എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സെലെൻസ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും സെലെൻസ്കി പറഞ്ഞു.
റഷ്യയിൽ നിന്ന എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്ൻ യുദ്ധത്തിന് ധനസഹായം നൽകുന്നുണ്ടെന്നാണ് ട്രംപ് ആവർത്തിച്ച് ആരോപിക്കുന്നത്. അതേസമയം, സാമ്പത്തികവും വാണിജ്യപരവുമായ പരിഗണനകളാണ് റഷ്യയുമായുള്ള വ്യാപാരത്തിനു പിന്നിലെന്നാണ് ഇന്ത്യയുടെ വാദം. സാമ്പത്തികവും വാണിജ്യപരവുമായ പരിഗണനകൾ അടിസ്ഥാനമാക്കിയാണ് ഇന്ത്യ എണ്ണ വാങ്ങുന്നതെന്നും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു.
അതിനിടെ, ഞായറാഴ്ച രാത്രി ഉക്രെയ്ൻ സർക്കാരിന്റെ ആസ്ഥാന മന്ദിരത്തിനു നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചതിനുശേഷം ഉക്രെയ്നിനെതിരെ റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഞായറാഴ്ച നടന്നത്. വരും ദിവസങ്ങളിൽ റഷ്യ ആക്രമണം കടുപ്പിക്കാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
















