ഇന്ത്യൻ ഉപയോക്താക്കൾക്കായി ഹിന്ദി ചാറ്റ് ബോട്ടുകള്‍ നിര്‍മിക്കാന്‍ കരാറുകാരെ തേടി മാര്‍ക്ക് സക്കര്‍ബര്‍ഗ്. മണിക്കൂറിന് 5000 രൂപ ആണ് പ്രതിഫലം നൽകുന്നത്. എഐ ചാറ്റ്‌ബോട്ടുകള്‍ക്ക് ഭാഷാപരമായും സാംസ്‌കാരികമായും സംഭവിക്കുന്ന ഗുരുതര പിഴവുകള്‍ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കെയാണ് മെറ്റയുടെ പുതിയ നീക്കം. എഐയെ കൂടുതല്‍ പ്രാദേശിക വത്കരിക്കാനും കമ്പനിക്ക് ഇതുവഴി സാധിക്കും.
ബിസിനസ് ഇന്‍സൈഡറാണ് മെറ്റ നല്‍കിയ തൊഴില്‍ പരസ്യത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഹിന്ദി, ഇന്‍ഡൊനീഷ്യന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള കാരക്ടര്‍ ക്രിയേഷന്‍, സ്റ്റോറി ടെല്ലിങ്, പ്രോംറ്റ് എഞ്ചിനീയറിങ് എന്നിവയില്‍ ആറ് വര്‍ഷത്തെയെങ്കിലും പരിചയമുള്ളവരെയാണ് കമ്പനി തേടുന്നത്. യുഎസിലുള്ളവരെയാണ് കമ്പനിക്കാവശ്യം.
കോഡിങ് മാത്രം അറിയുന്നവരെ അല്ല മെറ്റ ഇവിടെ തേടുന്നത്. മെസഞ്ചറിലും വാട്‌സാപ്പിലുമെല്ലാം ഇണങ്ങുന്ന എഐ വ്യക്തിത്വങ്ങള്‍ രൂപകല്‍പന ചെയ്‌തെടുക്കാന്‍ സാധിക്കുന്നവരേയാണ് വേണ്ടത്. പ്രാദേശികമായ വൈകാരികതലങ്ങള്‍ മനസിലാക്കി ഹിന്ദിഭാഷയില്‍ ഒഴുക്കോടെ ആശയവിനിമയം നടത്തുന്ന എഐ ചാറ്റ്‌ബോട്ടുകള്‍ നിര്‍മിച്ചെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ക്രിസ്റ്റല്‍ ഇക്വേഷന്‍, അക്വെന്റ് ടാലന്റ് എന്നീ ഏജന്‍സികളാണ് കരാര്‍ ജീവനക്കാരെ കൈകാര്യം ചെയ്യുക.
നേരത്തെ സെലിബ്രിറ്റികളെ പോലുള്ള എഐ ചാറ്റ്‌ബോട്ടുകള്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, വാട്‌സാപ്പ് ഉപഭോക്താക്കളിലേക്ക് സ്വീകാര്യത ലഭിക്കാന്‍ അതിനായില്ല. ഇത്തവണ ഒരോ വിപണിയിലേക്കും പ്രത്യേകം ഇണങ്ങുന്ന എഐ അധിഷ്ഠിത ചാറ്റ്‌ബോട്ടുകളെത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.
















