ഇസ്രയേലിലെ എലാറ്റിനടുത്തുള്ള റാമോൺ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം. ഒരാള്‍ക്ക് പരിക്ക്. സംഭവത്തിന് പിന്നാലെ ഇസ്രയേല്‍ വ്യോമാതിര്‍ത്തി അടച്ചിട്ടു. വിമാനത്താവളത്തില്‍ നിന്നുള്ള മുഴുവന്‍ സര്‍വീസുകളും താത്‌ക്കാലികമായി റദ്ദാക്കിയതായി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
യെമനില്‍ നിന്നുള്ള ഡ്രോണാണ് വിമാനത്താവളത്തില്‍ പതിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞു. യെമനില്‍ നിന്നും മൂന്ന് ഡ്രോണുകളാണ് വിമാനത്താവളം ലക്ഷ്യമിട്ടെത്തിയതെന്നും അതില്‍ രണ്ടെണ്ണത്തെ സേന തടഞ്ഞൂവെന്നും ഐഡിഎഫ് വക്താവ് പറഞ്ഞു. നിറ്റ്സാന, കാദേശ് ബാർണിയ, ഖെമിൻ, ബീർ മിൽക്ക എന്നിവയുൾപ്പടെ ഈജിപ്‌ഷ്യൻ അതിർത്തിക്കടുത്തുള്ള നിരവധി ഇടങ്ങളില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ശേഷം സൈറണ്‍ മുഴങ്ങി. അതിന് പിന്നാലെ പത്ത് മിനിറ്റിനുള്ളിൽ ഹോം ഫ്രണ്ട് കമാൻഡ് അപകടം നടക്കുകയും ചെയ്‌തൂവെന്ന് ഐഡിഎഫ് വക്താവ് വ്യക്തമാക്കി.
താത്‌ക്കാലികമായ വെടിനിർത്തൽ കരാറിന് ശേഷം മാർച്ച് 18ന് ഇസ്രയേൽ ഹമാസിനെതിരെ പുനരാരംഭിച്ച ആക്രമണത്തിനു ശേഷം യെമനിലെ ഇറാൻ പിന്തുണയുള്ള മുസ്‌ലിം സംഘടനയായ ഹൂത്തികൾ 70 ലധികം ബാലിസ്റ്റിക് മിസൈലുകളും 23ലധികം ഡ്രോണുകളും ഇസ്രയേലിലേക്ക് വിക്ഷേപിച്ചിരുന്നു. മിക്കതും ഇസ്രയേൽ പ്രദേശത്തിന് സമീപം തടയുകയും ചെയ്‌തു. ഒക്‌ടോബർ 7ന് നടന്ന ഹമാസിൻ്റെ ആക്രമണത്തിന് ശേഷം ഭീകര സംഘം 200ലധികം മിസൈലുകളും 170 ഡ്രോണുകളും പ്രയോഗിച്ചു.
മേഖലയില്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതില്‍ ആശങ്കയിലാണെന്ന് റാമത് നെഗേവ് റീജിയണൽ കൗണ്‍സിൽ മേധാവി എറാൻ ഡോറാണ്‍ പറഞ്ഞു. ഡ്രോണ്‍ ആക്രമണങ്ങളും കള്ളക്കടത്ത് ശ്രമങ്ങളുമെല്ലാം ഇപ്പോള്‍ സ്വീകാര്യമല്ലാത്ത യാതാര്‍ഥ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. നിറ്റ്സാന പ്രദേശം ദിനംപ്രതി ഭീഷണി നേരിടുന്നുണ്ടെന്ന് രാഷ്‌ട്രത്തലവന്മാർ മനസിലാക്കുന്നുവെന്നും ആക്രമണ സമയത്തെ കൃത്യമായ ഇടപെടലിന് സുരക്ഷാ സേനയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















