ദോശ നമുക്കെല്ലാം ഏറെ പരിചയമുള്ള ഒന്നാണ്. വീടുകളില്‍ ദിവസം ഒരു തവണയെങ്കിലും കുറഞ്ഞത് ആഴ്ചയില്‍ ഒരുവട്ടമെങ്കിലും ദോശ ചുട്ടെടുക്കാത്തവര്‍ കുറവായിരിക്കും. ദോശ തയ്യാറാക്കാന്‍ എളുപ്പമാണ്. പക്ഷെ രുചികരമായ ദോശ തയ്യാറാക്കാന്‍ അല്പം ബുദ്ധിമുട്ടുമാണ്. അതിനു ദോശമാവു തയ്യാറാക്കുന്ന ഘട്ടം മുതല്‍ ചില കരുതലുകള്‍ വേണം.
അരിയും ഉഴുന്നും 4:1 എന്ന അനുപാതത്തില്‍ നാലുമണിക്കൂര്‍ കുതിര്‍ത്തുവെക്കുക. ശേഷം മിക്‌സിയില്‍ അരച്ചെടുക്കാം. ശേഷം ഉപ്പു ചേര്‍ക്കുക. ദോശ അല്പം ക്രിസ്പിയാവണമെങ്കില്‍ മാവില്‍ അല്പം പൊരിയും ചേര്‍ക്കാം. മാവു നന്നായി മിക്‌സ് ചെയ്യണം.
ദോശമാവ് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ചാല്‍ എളുപ്പം പുളിക്കുമെന്നതിനാല്‍ മാവ് ഏറെ താമസിച്ചാണ് ഉപയോഗിക്കുന്നതെങ്കില്‍ അതൊരു മണ്‍പാത്രത്തില്‍ സൂക്ഷിക്കുക.
ദോശയുണ്ടാക്കും മുമ്പ്
ദോശ കുക്ക് ചെയ്യുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. നിങ്ങളുടെ പാന്‍ നന്നായി ചൂടായശേഷം മാത്രമേ മാവ് ഒഴിക്കാന്‍ പാടുള്ളൂ. അല്പം വെള്ളം കുടഞ്ഞാല്‍ ഉടന്‍ ശബ്ദംവരുന്നുണ്ടെങ്കില്‍ പാന്‍ ചൂടായെന്ന് ഉറപ്പിക്കാം.
ഫ്രിഡ്ജില്‍ സൂക്ഷിച്ച മാവാണ് ദോശ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ തയ്യാറാക്കുന്നതിന് പതിനഞ്ചുമിനിറ്റു മുമ്പെങ്കിലും മാവ് പുറത്തെടുത്തുവെക്കണം.
പാന്‍ ചൂടായശേഷം അല്പം എണ്ണ പാനില്‍ പുരട്ടുക. എണ്ണ പുരട്ടാന്‍ ഉള്ളി നേര്‍ പകുതിയായി ഉപയോഗിക്കാം. പാനില്‍ ദോശ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാന്‍ ഇതു സഹായിക്കാം.
പാനിന്റെ ഒത്ത നടുവിലായി മാവ് ഒഴിക്കുക. ശേഷം വൃത്താകൃതിയില്‍ മാവ് പരത്തുക. ദോശ നന്നായി ക്രിസ്പിയാവണമെങ്കില്‍ ദോശയ്ക്കു ചുറ്റും അല്പം എണ്ണയോ നെയ്യോ ഒഴിക്കാം.
ദോശ തയ്യാറായി എന്നുറപ്പിക്കാന്‍ പദോശയുടെ മധ്യഭാഗവും അറ്റങ്ങളും ഗോള്‍ഡണ്‍ ബ്രൗണ്‍ ആയോ എന്നു പരിശോധിക്കുക. ആയെങ്കില്‍ ദോശ എടുക്കാം.
ദോശയില്‍ ചില പരീക്ഷണങ്ങളാവാം. ഉള്ളി, പച്ചമുളക്, തക്കാളി, ചീസ് എന്നിവ ചേര്‍ത്ത് വ്യത്യസ്ത രുചികള്‍ പരീക്ഷിക്കാം.
ദോശമാവ് കുറച്ചേയുള്ളൂവെങ്കില്‍ പെട്ടെന്നു മാവു തയ്യാറാക്കി ചുട്ടെടുക്കാനാവുന്ന ഒരു ദോശ പരീക്ഷിക്കാം. റവ ദോശ ഇത്തരത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ്.
ബാക്കിയുള്ള ദോശമാവില്‍ നാലിലൊന്ന് വറുത്ത റവ മാവിലേക്കു ചേര്‍ക്കുക. ഒരു കപ്പ് മൈദയും ഒരു വലിയ ഉള്ളി ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളകും അല്പം ഇഞ്ചിയും ഇതിലേക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ദോശ ചുട്ടെടുക്കാം.
















