ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് ഇന്ത്യയിൽ പണിമുടക്കി. സന്ദേശം അയയ്‌ക്കാനോ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യാനോ കഴിയുന്നില്ലെന്നാണ് മൊബൈൽ, വെബ് പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ഉപയോക്താക്കൾ പരാതിപ്പെടുന്നത്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മധുരൈ, അഹമ്മദാബാദ്, ഡൽഹി. ലക്‌നൗ, കൊൽക്കത്ത ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ നിന്നാണ് വ്യാപകമായി പരാതി ഉയർന്നത്.
എന്നാൽ വാട്ട്‌സ്‌ആപ്പ് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ യാതൊരു തടസ്സവുമില്ലെന്നാണ് മറ്റൊരു വിഭാഗം ഉപയോക്താക്കൾ പറയുന്നത്. അതേസമയം നിരവധി ഉപയോക്താക്കൾ എക്‌സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പരാതിപ്പെടുന്നുണ്ട്. ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും സേവനങ്ങളിലുണ്ടാകുന്ന തടസ്സങ്ങൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഡൗൺഡിറ്റക്‌ടറിന്‍റെ കണക്കനുസരിച്ച്, ഉച്ചയ്ക്ക് 1:15 ഓടെയാണ് ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ തടസം നേരിടാൻ തുടങ്ങിയത്.
ഉച്ചയ്ക്ക് 1:45 ഓടെ 235 റിപ്പോർട്ടുകൾ ലഭിച്ചു. 2 മണിയോടെ 408 പേരാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 46 ശതമാനം ഉപയോക്താക്കളും പ്രശ്‌നം നേരിട്ടത് സെർവർ കണക്ഷനിലാണ്. അതേസമയം 28 ശതമാനം പേർക്ക് വെബ്‌സൈറ്റിലും 26 ശതമാനം പേർക്ക് ആപ്പിലും തടസം നേരിട്ടു. പല വാട്‌സ്‌ആപ്പ് ഉപയോക്താക്കളും പരാതിയുമായി എക്‌സ് പ്ലാറ്റ്‌ഫോമിലെത്തിയിരുന്നു.
















