തൃശൂർ പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തിൽ എസ്.ഐയായിരുന്ന പി.എം രതീഷിനെതിരായ നടപടിക്ക് ജീവന്‍വെക്കുന്നു. എട്ട് മാസമായി മാറ്റിവെച്ച ഫയലാണ് നാണക്കേട് കാരണം പൊടിതട്ടിയെടുത്തത്. രതീഷ് കുറ്റക്കാരനെന്ന അന്വേഷണ റിപ്പോര്‍ട്ട് ദക്ഷിണമേഖല ഐ.ജി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രതീഷിന് അടുത്തയാഴ്ച കാരണം കാണിക്കല്‍ നോട്ടീസ് നൽകാനാണ് പൊലീസിന്റെ നീക്കം. ആരോപണങ്ങള്‍ക്ക് രതീഷ് ഇതുവരെ മറുപടി നല്‍കിയില്ല. മറുപടി കിട്ടിയാലുടൻ രതീഷിനെതിരെ നടപടിയുണ്ടാകും. അഡീഷണൽ എസ്പി ശശിധരന്റെ അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
2023 മെയിലാണ് ഹോട്ടൽ ഉടമയായ കെ പി ഔസേപ്പിന്റെ മകനെയും ജീവനക്കാരെയും പീച്ചി എസ് ഐ രതീഷ് കസ്റ്റഡിയിൽ എടുക്കുന്നത്. പൊലീസ് സ്റ്റേഷനിൽ എത്തിയ ഇവരെ എസ് ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചു. ഇതിന് ശേഷമായിരുന്നു പൊലീസിന്റെ ഒത്തുതീർപ്പ് നീക്കം. ഹോട്ടൽ ഉടമയായ പട്ടിക്കാട് സ്വദേശി ഔസേപ്പിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മകനെതിരെ പോക്സോ വകുപ്പ് അടക്കം ചുമത്തുമെന്നായിരുന്നു ഭീഷണിയിരുന്നു. അഞ്ച് ലക്ഷം രൂപ കൊടുത്തെന്നും അതിൽ മൂന്ന് ലക്ഷം രൂപ പൊലീസ് ഉദ്യോഗസ്ഥർക്കാണെന്നും 2 ലക്ഷം രൂപ പരാതിക്കാരനായ ദിനേശിന് നൽകിയെന്നും ഔസേപ്പ് പറഞ്ഞു. അതിന് ശേഷമാണ് സ്റ്റേഷനിൽ നിന്ന് മകനെയും ജീവനക്കാരെയും കേസെടുക്കാതെ എസ്‌ഐ വിട്ടയച്ചതെന്നും ഹോട്ടൽ ഉടമ പറഞ്ഞു. നിലവിൽ കൊച്ചി കടവന്ത്ര സ്റ്റേഷനിലെ സി.ഐയാണ് പി. എം. രതീഷ്.
















