ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴമാണ് ബ്ലൂബെറി. വൈറ്റമിൻ സി, വൈറ്റമിൻ കെ, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ബ്ലൂബെറികൾ ദിവസവും കഴിക്കുന്നത് നല്ലതാണ്. ഓർമശക്തി മെച്ചപ്പെടുത്താനും, രക്തസമ്മർദം കുറയ്ക്കാനും, വ്യായാമത്തിനു ശേഷമുള്ള സുഖപ്പെടലിനും ഇവ സഹായിക്കുന്നു.
സാധാരണ പഴങ്ങളെയും പച്ചക്കറികളെയും അപേക്ഷിച്ച് ബ്ലൂബറികളിലാണ് ഏറ്റവും കൂടുതൽ ആന്റിഓക്സിന്റുകൾ ഉള്ളത്. ഇതിലെ പ്രധാന ആന്റിഓക്സിഡന്റ് സംയുക്തമായ ഫ്ലാവനോയിഡുകൾ, പൊളിഫീനോൾ ആന്റിഓക്സിഡന്റുകളുടെ കുടുംബത്തിൽ പെടുന്നതാണ്. ഇവ നമ്മുടെ ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും, കോശനാശം കുറയ്ക്കുന്നതിൽ സഹായിക്കുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റുകൾ പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ തടയാനും ദീർഘകാല രോഗങ്ങളുടെ അപകടം കുറയ്ക്കാനും സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഈ ഇത്തിരിക്കുഞ്ഞൻ പഴത്തിനു കഴിയും. ഒരു കപ്പ് ബ്ലൂബെറി എന്നും കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും, നല്ല കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്തുന്നുവെന്നും ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
ഫ്രീസറിൽ സൂക്ഷിച്ചെന്നു കരുതി ഇതിലെ ഗുണങ്ങളൊന്നും നഷ്ടമാവില്ലെന്നതിനാൽ ഒരുപാട് കാലം സൂക്ഷിക്കാനും കഴിയും. കാലറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും മികച്ചൊരു ഭക്ഷണമാണ് ബ്ലൂബെറികൾ. ധാരാളം വൈറ്റമിനുകൾ ഉള്ളതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. കണ്ണുകളുടെ സംരക്ഷണത്തിനും ഇവ സഹായകമാകുമെന്ന് പഠനങ്ങൾ പറയുന്നു. ചർമാരോഗ്യത്തിനും ഇവ നല്ലതാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു സൂപ്പർ ഫുഡാണ് ബ്ലൂബെറി.
150ഗ്രാം ബ്ലൂബെറിയിൽ 80 കാലറി മാത്രമാണ് ഉള്ളത്. 4ഗ്രാം ഫൈബറും. ഒരു ദിവസം ശരീരത്തിനു വേണ്ടുന്ന വൈറ്റമിൻ സിയുടെ 20 ശതമാനം ഈ ഒരു കപ്പ് ബ്ലൂബെറിയിലൂടെ അകത്തെത്തും. വൃക്കകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ബെറി കൂടിയാണിത്.
ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു, പ്രത്യേകിച്ച് ആന്തോസയാനിനുകൾ. ഇവ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ പ്രതിരോധിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് വൃക്കകൾക്കു ഗുണകരമാണ്. ബ്ലൂബെറിയിൽ പൊട്ടാസ്യം കുറവാണ്. അതുപോലെതന്നെ സോഡിയവും ഫോസ്ഫറസും കുറഞ്ഞ അളവിലാണ് അടങ്ങിയിരിക്കുന്നത്, അതിനാൽ ഇവ വൃക്കസൗഹൃദമായ ആഹാരക്രമത്തിന് അനുയോജ്യമാണ്. മൂത്രാശയ രോഗങ്ങളെ തടയാൻ സഹായിക്കുന്ന ബ്ലൂബെറി, വൃക്കയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ബ്ലൂബെറി കഴിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ശരീരത്തിനു ആവശ്യമായ അളവിൽ കൃത്യമായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. പ്രൊസസ്ഡ് ഭക്ഷണം കഴിക്കുന്നതിലൂടെ സോഡിയം അളവ് കൂടുകയും, അനാരോഗ്യകരമായ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത് കിഡ്നിയുടെ ആരോഗ്യത്തെ തകരാറിലാക്കാം. ഒപ്പം കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ കൂടുതലാകാതെ ശ്രദ്ധിക്കണം. സ്ഥിരമായി വ്യായാമം ചെയ്യാനും ശ്രദ്ധിക്കണം. ഈ കാര്യങ്ങൾ ചെയ്യുന്നത് കിഡ്നിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഒപ്പം സ്ഥിരമായി ഷുഗർ, രക്തസമ്മർദം എന്നിവ പരിശോധിക്കുകയും വേണം. ബ്ലൂബെറി എത്ര പവർഫുൾ ആണെന്ന് മനസ്സിലായില്ലേ? എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം, ഏതു ഭക്ഷണവും അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരു ഡയറ്റീഷ്യന്റെ നിർദേശപ്രകാരം ദിവസം എത്ര അളവിൽ കഴിക്കണമെന്ന് തീരുമാനിക്കാവുന്നതാണ്.
















