വായു അറകൾ ചുരുങ്ങുകയും ഇൻഫ്ലമേഷൻ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്മ. മരുന്നുകൾ കഴിക്കുന്നതിലൂടെയും ഇൻഹേലർ ഉപയോഗിക്കുന്നതിലൂടെയും ആസ്മ നിയന്ത്രിക്കാനാകും. ആസ്മയുടെ ലക്ഷണങ്ങളെ കുറയ്ക്കാനും രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താനും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
ഫാറ്റിഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഈ മത്സ്യങ്ങൾക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. വായു അറകളുടെ വീക്കം കുറയ്ക്കാൻ ഇവ സഹായിക്കും. ആഴ്ചയിൽ രണ്ടു ദിവസം സാൽമൺ പോലുള്ള മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ ആസ്മ നിയന്ത്രിക്കാൻ സാധിക്കും.
ഇലക്കറികൾ
ചീര, കേൽ തുടങ്ങിയ ഇലക്കറികളിൽ ആന്റിഓക്സിഡന്റുകൾ, വൈറ്റമിൻ സി, ബീറ്റാകരോട്ടിൻ ഇവ ധാരാളമുണ്ട്. ശ്വാസകോശത്തിലെ കല (tissue)കൾക്ക് ക്ഷതമുണ്ടാക്കുന്ന ഇൻഫ്ലമേഷൻ ഉണ്ടാക്കുന്ന ഫ്രീറാഡിക്കലുകളെ ഇവ പ്രതിരോധിക്കുന്നു.
ബെറിപ്പഴങ്ങൾ
ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ധാരാളം ഫ്ലേവനോയ്ഡുകളും ആന്റിഓക്സിഡന്റുകളും ഉണ്ട്. ഇവ ശ്വാസകോശങ്ങളിലെ ഓക്സീകരണ സമ്മർദം കുറച്ച് ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നു.
ബ്രൊക്കോളി
ബ്രൊക്കോളി, കോളിഫ്ലവർ, ബ്രസൽസ് തുടങ്ങിയ ക്രൂസിഫെറസ് പച്ചക്കറികളിൽ സൾഫൊറാഫേൻ എന്ന സംയുക്തം ഉണ്ട്. ഇത് വായു അറകളിലെ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു.
വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ
വൈറ്റമിൻ ഡി യുടെ അളവ് കുറയുന്നത് ആസ്മയുടെ ലക്ഷണങ്ങൾ അധികരിക്കാൻ കാരണമാകും. ഫോർട്ടിഫൈഡ് മിൽക്ക്, മുട്ടയുടെ മഞ്ഞ, കൂൺ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കും. ശ്വാസകോശത്തിന്റെ വായു അറകളിൽ ഇൻഫ്ലമേഷൻ അഥവാ വീക്കം കുറയ്ക്കാൻ ഇത് സഹായിക്കും. ശ്വാസകോശത്തിന്റെ പ്രവർത്തനത്തിന് പ്രധാനമായും വേണ്ട ഒന്നാണ് വൈറ്റമിൻ ഡി. ആസ്ത്മയുള്ളവർ ഇത് തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
മുഴുധാന്യങ്ങൾ
മുഴുധാന്യങ്ങളായ ഓട്സ്, തവിടുകളയാത്ത അരി, പരിപ്പ് വർഗങ്ങൾ ഇവയില്‍ നാരുകൾ ധാരാളമുണ്ട്. ഇത് ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കും. ശ്വാസകോശത്തിന് ആയാസം കുറയ്ക്കാനും ഇതുമൂലം സാധിക്കും.
ജലാംശം അടങ്ങിയ ഭക്ഷണം
ധാരാളം വെള്ളം കുടിക്കുന്നത് കഫം നേർത്തതാകാനും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വെള്ളം ധാരാളം അടങ്ങിയ കുക്കുമ്പർ അഥവാ സാലഡ് വെള്ളരി, തണ്ണിമത്തൻ, നാരകഫലങ്ങൾ (citrus fruits) ഇവ ശരീരത്തില്‍ ജലാംശം നിലനിർത്താനും ശ്വസനസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
















