വിജിൽ നരഹത്യാക്കേസിൽ അന്വേഷണം വഴിമുട്ടുന്നു. ഇന്നും ഒന്നും കണ്ടെത്താനായില്ല. ആറ് വർഷത്തിന് ശേഷം ചുരുളഴിഞ്ഞ നേരിൽ തെളിവ് കണ്ടെത്താനാകുന്നില്ല. സരോവരത്തെ ചതുപ്പിൽ പ്രതികളുടെ സാന്നിധ്യത്തിൽ ഇന്ന് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിജിലിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ നാളെ വിപുലമായ പരിശോധന നടക്കും. ആറു വർഷത്തിന് ശേഷമാണ് വിജിൽ തിരോധാനത്തിൽ വഴിത്തിരിവുണ്ടായത്. മിസ്സിങ് കേസ് ആയി രജിസ്റ്റർ ചെയ്ത കേസ് പിന്നീട് നരഹത്യക്കേസ് ആയി മാറി. 2019 മാർച്ച് 24ന് വീട്ടിൽ നിന്ന് ഇറങ്ങിയ വിജിലിനെ കാണാനില്ല എന്നായിരുന്നു പിതാവ് എലത്തൂർ സ്റ്റേഷനിൽ നൽകിയ പരാതി. മിസ്സിങ് കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് ഇത് നരഹത്യ കേസായി മാറിയത്.
അമിത അളവിൽ മയക്കുമരുന്ന് കുത്തിവച്ച് ബോധം പോയ വിജിലിനെ സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് , രഞ്ജിത്ത് എന്നിവർ രണ്ടു ദിവസം കഴിഞ്ഞ് സരോവരത്തെ ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച പ്രതികളായ നിഖിൻ ,ദീപേഷ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.ഇന്ന് വീണ്ടും പ്രതികളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. പ്രദേശത്തെ വെള്ളം പൂർണമായും വറ്റിച്ചു. നാളെ രാവിലെ 9 മണിക്ക് തിരച്ചിൽ വീണ്ടും ആരംഭിക്കും. നിലവിലെ സാഹചര്യത്തിൽ നാളെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയും എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കഡാവർ നായകളെ എത്തിച്ചായിരുന്നു ഇന്നത്തെ പരിശോധന. ഈ കേസിൽ ഇനി രണ്ടാം പ്രതി രഞ്ജിത്ത് കൂടി പിടിയിലാകാനുണ്ട്. കേസിൻ്റെ മുന്നോട്ടുള്ള നീക്കത്തിന് നാളെത്തെ പരിശോധന ഏറെ പ്രധാനപ്പെട്ടതാണ്.
STORY HIGHLIGHT : vijil-murder-case-no-remains-were-found-today
















