ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. എന്‍ഡിഎയില്‍ നിന്നും മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണനും, ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിയായി സുപ്രീം കോടതി മുന്‍ ജഡ്ജി ബി. സുദര്‍ശന്‍ റെഡ്ഡിയും തമ്മിലാണ് മത്സരം. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ് മന്ദിരത്തിലെ എഫ്–101 (വസുധ) മുറിയിലാണ് വോട്ടെടുപ്പ്. വൈകിട്ട് 6 മുതൽ വോട്ടെണ്ണൽ തുടങ്ങും.
എൻഡിഎയും ഇന്ത്യ സഖ്യവും ഇന്നലെ എംപിമാർക്ക് പരിശീലനം നല്കാൻ മോക്ക് വോട്ടിംഗ് നടത്തി. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗബലത്തില്‍ എന്‍ഡിഎ മുന്നിലാണെങ്കിലും രാജ്യത്തിന്റെ ആത്മാവ് സംരക്ഷിക്കാനുള്ള പോരാട്ടമെന്നാണ് ഇന്ത്യ സഖ്യം തെരെഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്.
ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾക്കാണ് വോട്ടവകാശം. നിലവിലെ അംഗബലം അനുസരിച്ചു 781 ആണ് ആകെ വോട്ട്. കുറഞ്ഞത് 391 വോട്ട് നേടുന്നയാൾ ഇന്ത്യയുടെ 15–ാം ഉപരാഷ്ട്രപതിയാകും. രാജ്യസഭയിൽ 7 അംഗങ്ങളുള്ള ബിജെഡിയും 4 അംഗങ്ങളുള്ള ബിആർഎസും ഒരു അംഗമുള്ള അകാലിദളും വോട്ടെടുപ്പിൽ പങ്കെടുക്കില്ല.
ഇരുസഭകളിലെയും അംഗബലം കണക്കിലെടുക്കുമ്പോൾ എൻഡിഎ വിജയം ഉറപ്പിച്ച മട്ടിലാണ്. എന്നാൽ, സാധ്യമായ ഇടപെടലുകളിലൂടെ വോട്ടെണ്ണം പരമാവധി വർധിപ്പിക്കാനും സഖ്യശക്തി കാട്ടാനുമുള്ള ശ്രമമാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം നടത്തുന്നത്. ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകർ രാജിവച്ചതിനെ തുടർന്നാണ് ഒഴിവു വന്നത്.
















