കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 7, 12 വയസ്സുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്. ഇവരുടെ സഹോദരി രോഗബാധയെ തുടർന്ന് മരിച്ചിരുന്നു. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ആരവിനെയും നിരീക്ഷണത്തിനായി അഭിജയിനെയും മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.
നിലവില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ചികിത്സയിൽ കഴിയുന്ന മറ്റു രണ്ട് കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം രോഗം നിയന്ത്രിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും ഓരോ ദിവസവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു. അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പത്തു ദിവസം വെന്റിലേറ്ററിലായിരുന്ന വയനാട് സ്വദേശിയായ 45 കാരന്‍ മരിച്ചു.
















