ജറുസലേം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഇസ്രയേലിന് നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് നെതന്യാഹു. കഴിഞ്ഞ ദിവസമാണ് ജറുസലേമിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ഭീകരാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിരുന്നു. ‘ജറുസലേമിൽ നിരപരാധികളായ സാധാരണക്കാർക്ക് നേരെയുണ്ടായ ഹീനമായ ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. ഇന്ത്യ എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെ അപലപിക്കുകയും തീവ്രവാദത്തോട് സഹിഷ്‌ണുതയില്ലാത്ത നയത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു.’ എന്നാണ് മോദി എക്‌സിൽ കുറിച്ചത്.
ഇതിന് മറുപടി ആയാണ് നെതന്യാഹു നന്ദി അറിയിച്ചത്. ‘ഭീകരതയ്‌ക്കെതിരെയും ഇസ്രയേലിനൊപ്പവും നിലകൊള്ളുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുന്നു’ എന്ന് നെതന്യാഹു എക്‌സിൽ കുറിച്ചു.















