ബ്രേക്ഫാസ്റ്റിന് സ്വാദൂറും ചെമ്മീന്‍ പുട്ട് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയെടുക്കാം.
ആവശ്യമായ ചേരുവകൾ
- വറുത്ത അരിപ്പൊടി – ഒരു കപ്പ്
- തേങ്ങപ്പീര – ഒരു കപ്പ്
- ഉപ്പ് – പാകത്തിന്
- വെള്ളം – പൊടി നനക്കാന്‍ ആവശ്യത്തിന്
- വൃത്തിയാക്കിയ ചെമ്മീന്‍ – അര കപ്പ്
- സവാള – ഒരെണ്ണം
- തക്കാളി – ഒരെണ്ണം
- വെളുത്തുള്ളി – മൂന്നോ നാലോ അല്ലി
- ഇഞ്ചി – ഒരിഞ്ചു നീളത്തില്‍
- പച്ചമുളക് – ഒന്ന്
- മഞ്ഞള്‍പ്പൊടി – കാല്‍ ടീ സ്പൂണ്‍
- മുളകുപൊടി – അര ടീസ്പൂണ്‍
- ഗരം മസാല – അര ടീ സ്പൂണ്‍
- ഉപ്പ് – പാകത്തിന്
- മല്ലിയില
- കറിവേപ്പില – കുറച്ച്
- എണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
അരിപ്പൊടി തേങ്ങയും ഉപ്പും വെള്ളവും ചേര്‍ത്ത് പുട്ടിനു നനക്കുന്നത് പോലെ നനച്ചു വെക്കുക. അര മണിക്കൂര്‍ കഴിഞ്ഞു ഒന്നുകൂടി നന്നായി തിരുമ്മി യോജിപ്പിച്ചാല്‍ നല്ല മയവും സ്വാദും ഉണ്ടാവും. അതുകൊണ്ട് പൊടി നനച്ചു വെച്ചിട്ട് ചെമ്മീന്‍ തയ്യാറാക്കിയാല്‍ മതി. സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, തക്കാളി എന്നിവ പൊടിയായി അരിഞ്ഞെടുക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിക്കുക. ചൂടായ എണ്ണയില്‍ അരിഞ്ഞു വച്ചിരിക്കുന്നവ ചേര്‍ത്ത് വഴന്നു വരുമ്പോള്‍ മസാലപ്പൊടികള്‍ ചേര്‍ത്ത് നന്നായി മൂപ്പിക്കുക.
ശേഷം ചെമ്മീനും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത്, മൂടി വെച്ച് വേവിക്കുക. ചെമ്മീന്‍ വെന്തു കഴിയുമ്പോള്‍ മൂടി തുറന്നു വച്ച് വെള്ളം വറ്റിച്ചെടുക്കുക. മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് അല്‍പ്പസമയം അടച്ചു വെക്കുക. ഇനി പുട്ടുകുറ്റിയില്‍ നനച്ചു വെച്ചിരിക്കുന്ന അരിപ്പൊടി ഇടുക. പുട്ടിനു പീര പോലെ എന്ന പ്രയോഗം മാറ്റി, പുട്ടിനു ചെമ്മീന്‍ പോലെ എന്നാക്കിക്കോളൂ. ശേഷം ആവി കേറ്റി എടുക്കാം.
















