ഗാസയിലേക്ക് പുറപ്പെട്ട കപ്പല്‍, ടുണീഷ്യന്‍ തീരത്തുവെച്ച് ഡ്രോണ്‍ ആക്രമണത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ഗാസയിലേക്കുള്ള സഹായവുമായി പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. പരിസ്ഥിതി പ്രവർത്തകയും നൊബേൽ സമ്മാന ജേതാവുമായ ഗ്രേറ്റ തൻബർഗും കപ്പലിലുണ്ടെന്നാണ് വിവരം.
ഗാസ മുനമ്പില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഭേദിക്കാനുള്ള ശ്രമത്തിലായിരുന്നു കപ്പല്‍. ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ കപ്പലിന് തീപ്പിടിച്ചതായി കപ്പല്‍ അധികൃതര്‍ സ്ഥിരീകരിക്കുന്നു. പോര്‍ച്ചുഗീസ് പതാകയുള്ള കപ്പലിന്റെ പ്രധാന ഡെക്കിലും താഴെയുള്ള സ്റ്റോറേജ് ഏരിയയിലുമാണ് തീപ്പിടിത്തമുണ്ടായത്. എങ്കിലും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. തങ്ങളുടെ ദൗത്യത്തെ ഭയപ്പെടുത്താനും തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ കൊണ്ടൊന്നും പിന്തിരിയില്ലെന്ന് കപ്പൽ അധികൃതർ പ്രതികരിച്ചു. ഗാസയിലെ ഉപരോധം അവസാനിപ്പിക്കാനും അവിടത്തെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമുള്ള സമാധാന ദൗത്യം കൂടുതല്‍ ശക്തമായി തുടരുമെന്നും കപ്പല്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നെന്ന വാദം ടുണീഷ്യന്‍ അധികൃതര്‍ തള്ളിയിട്ടുണ്ട്. കപ്പലിനകത്തുവെച്ചുതന്നെയുണ്ടായ സ്‌ഫോടനമാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് നാഷണല്‍ ഗാര്‍ഡ് വക്താവ് പറഞ്ഞു.
യുദ്ധം തകര്‍ത്ത ഗാസയിലേക്ക് സഹായമെത്തിക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായാണ് കപ്പല്‍ പുറപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഇതിന് പിന്തുണ നല്‍കുന്നുണ്ട്. ഗാസ നഗരത്തിന് പടിഞ്ഞാറുള്ള ഷാതി ക്യാമ്പിലെ ഒരു വീടിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞത് 25 പേരെ കാണാതായിട്ടുണ്ട്. ഗാസ സിറ്റിയിലെ രണ്ട് അപ്പാർട്ട്മെന്റ് ബ്ലോക്കുകൾ കൂടി ഇസ്രായേൽ സൈന്യം നശിപ്പിച്ചു.
content highlight: Gaza vs Israel
















