നേപ്പാളിൽ ആളിക്കത്തി ജെൻ സി പ്രക്ഷോഭം. പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചു. കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ഡൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടെ നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഒലി സൈനിക മേധാവിയുമായി സംസാരിച്ചു, വഷളാകുന്ന സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒലി അധികാരം ഉപേക്ഷിച്ചാൽ മാത്രമേ സൈന്യത്തിന് രാജ്യത്തെ സ്ഥിരപ്പെടുത്താൻ കഴിയൂ എന്ന് ജനറൽ സിഗ്ഡൽ പ്രതികരിച്ചു.
ഒലി സ്ഥാനമൊഴിഞ്ഞാൽ സൈന്യം ഇടപെടാൻ തയ്യാറാണെന്ന് സൈനിക വൃത്തങ്ങളും പറഞ്ഞു. കെ പി ശർമ്മ ഒലി രാജിവച്ചതായി അദ്ദേഹത്തിന്റെ സഹായി പ്രകാശ് സിൽവാൾ സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാളിലുടനീളം പ്രതിഷേധം വർദ്ധിച്ചുവരുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. ഇതിനിടെ പ്രസിഡന്റിന്റെ വീട്ടിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി.
ശർമ്മ ഒലി രാജ്യംവിടാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. വൈദ്യചികിത്സയ്ക്കായി ദുബായിലേക്ക് പോകാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. യാത്രയ്ക്കായി സ്വകാര്യ വിമാനക്കമ്പനിയായ ഹിമാലയ എയർലൈൻസിനെ സജ്ജരാക്കിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന രാഷ്ട്രീയ പ്രക്ഷുബ്ധതകൾക്കും നിരവധി മന്ത്രിമാരുടെ രാജികൾക്കും ഇടയിലാണ് അദ്ദേഹം ദുബായിലേക്ക് പോകാനൊരുങ്ങുന്നത്.
നായ്ക്കപ്പിലെ രമേശ് ലേഖക്കിന്റെ വസതി പ്രതിഷേധക്കാർ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. തിങ്കളാഴ്ചയാണ് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ച ലേഖക് ഒഴിഞ്ഞത്. കർഫ്യൂവും സുരക്ഷാ വിന്യാസങ്ങളും ഉണ്ടായിരുന്നിട്ടും രാജ്യവ്യാപകമായി പ്രതിഷേധം രൂക്ഷമാകുമ്പോൾ, പ്രകടനക്കാർ മറ്റ് ഉന്നത നേതാക്കളുടെ വീടുകൾ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.
ദേശീയ സുരക്ഷയുടെ പേരിൽ 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ഉടലെടുത്തത്. രാജ്യത്തുടനീളം പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അസ്വസ്ഥതകൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയിൽ നിന്നുള്ള 21 പാർലമെന്റ് അംഗങ്ങൾ കൂട്ടത്തോടെ രാജിവയ്ക്കാൻ തീരുമാനിച്ചു. രവി ലാമിച്ചനെയുടെ നേതൃത്വത്തിൽ പാർലമെന്റിൽ ഈ എംപിമാരുടെ ആദ്യ വിജയമായിരുന്നു ഇത്. തുടക്കം മുതൽ തന്നെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ പ്രസ്ഥാനത്തെ പാർട്ടി പിന്തുണച്ചിരുന്നു, ഇപ്പോൾ പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്നു.
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കം 26 സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളാണ് സർക്കാർ നിരോധിച്ചിരുന്നത്. ഓൺലൈനിൽ ആരംഭിച്ച പ്രതിഷേധങ്ങൾ, മധ്യ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും പാർലമെന്റിന് പുറത്ത് ബഹുജന പ്രകടനങ്ങളായി വളരുകയും അത് പ്രക്ഷോഭത്തിലേക്ക് വഴിവെയ്ക്കുകയുമായിരുന്നു. പിന്നാലെ ഈ നിരോധനം സർക്കാർ പിൻവലിച്ചിരുന്നു.
അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് പിൻവലിക്കൽ തീരുമാനിച്ചതെന്ന് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് പറഞ്ഞു. ബ്ലോക്ക് ചെയ്ത 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് പുനഃസ്ഥാപിക്കാൻ ഇൻഫർമേഷൻ മന്ത്രാലയം ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
നേപ്പാൾ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നായിരുന്നു സോഷ്യൽ മീഡിയ സൈറ്റുകൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. രജിസ്റ്റർ ചെയ്യാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഓഗസ്റ്റ് 28 മുതൽ ഒരാഴ്ച സമയം നൽകിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി നോട്ടീസും നൽകി. എന്നാൽ മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റ്, വാട്ട്സ്ആപ്പ്), ആൽഫബെറ്റ് (യൂട്യൂബ്), എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ് ഇൻ എന്നിവയൊന്നും രജിസ്റ്റർ ചെയ്തില്ല. ഇതോടെയാണ് ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.
















