കൊച്ചി: ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് മേല്‍ വായ്പ സൗകര്യമൊരുക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്. സാമ്പത്തിക സേവനദാതാക്കളായ ആര്‍ക് നിയോയുടെ ധന്‍ലാപ് (DhanLAP) ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം മുഖേനയാണ് വായ്പ സേവനം ലഭ്യമാക്കുന്നത്. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഉപയോഗിച്ച് കെവൈസി പൂര്‍ത്തിയാക്കുന്ന, 18 വയസിനും 75 വയസിനും ഇടയിലുള്ള ആര്‍ക്കും വായ്പയ്ക്ക് അപേക്ഷിക്കാം.
മ്യൂച്വല്‍ ഫണ്ടിന്റെ മൂല്യത്തിന് ആനുപാതികമായി തുക ലഭിക്കും. നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയതിനാല്‍ വളരെ വേഗത്തില്‍ അനുവദിച്ചു നല്കുമെന്നതാണ് മ്യൂച്വല്‍ ഫണ്ട് വായ്പയുടെ പ്രത്യേകത. ഇക്വിറ്റി ഫണ്ടുകള്‍ക്ക് 50 ശതമാനവും ഡെബ്റ്റ് ഫണ്ടുകള്‍ക്ക് 70 ശതമാനവും വരെ വായ്പ ലഭിക്കും.
അടിയന്തര സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിലൂടെ നിക്ഷേപകരുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്നതാണ് മ്യൂച്വല്‍ ഫണ്ട് വായ്പ പദ്ധതിയെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജറും റീട്ടെയ്ല്‍ അസറ്റ് വിഭാഗം മേധാവിയുമായ സഞ്ജയ് കുമാര്‍ സിന്‍ഹ പറഞ്ഞു. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികള്‍ക്കനുസരിച്ച് വേഗത്തിലും സുരക്ഷിതവുമായ സാമ്പത്തിക പരിഹാരങ്ങള്‍, നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നല്‍കുകയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















