വിഭാഗിയയെയും അഴിമതിയും നിറഞ്ഞു നിന്ന സിപിഐഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പുനസംഘടിപ്പിക്കാനായില്ല. സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനം ആകാതെ പിരിഞ്ഞു. കരുനാഗപ്പള്ളി, ഓച്ചിറ എന്നീ 2 ഏരിയ കമ്മിറ്റികളായി വിഭജിക്കാൻ ജില്ലാ സെക്രട്ടറി വെച്ച നിർദേശത്തിന് എതിരെ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗത്തിൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം രംഗത്ത് എത്തിയതോടെയാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്.
കരുനാഗപ്പള്ളി സ്കൂൾ നിർമാണം, കേരഫെഡ് നിയമനം, കായൽ കയ്യേറ്റം, പ്രവർത്തകർ തെരുവിലിറങ്ങാൻ ഉണ്ടായ സാഹചര്യങ്ങൾ എന്നിവയിലെ പൂർണമായ വിവരങ്ങൾ അഡ്ഹോക് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പരാമർശിക്കാതെ പോയതിന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിമർശിച്ചു. അഴിമതിക്കും വിഭാഗിയതക്കും നേതൃത്വം നൽകിയ നേതാക്കളെ കുറിച്ചുള്ള വസ്തുതാപരമായ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് രണ്ട് ആഴ്ചക്കകം നൽകാൻ എംവി ഗോവിന്ദൻ ആവശ്യപെട്ടു.
ലോക്കൽ സമ്മേളനങ്ങളിൽ വിഭാഗീയമായി ഇടപെട്ട നേതാക്കളെ കുറിച്ചും റിപ്പോർട്ടിൽ വിവരം ഉണ്ടാകണമെന്ന് എംവി ഗോവിന്ദൻ നിർദേശിച്ചു. സ്ത്രീകൾ ഉൾപ്പടെ ഉള്ളവർ പരസ്യ പ്രതികരണവുമായി രംഗത്ത് വരാൻ ഉണ്ടായ സാഹചര്യവും സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ ഇടപെടലും ജില്ലാ കമ്മിറ്റി അംഗത്തിന്റ ഇടപെടലും റിപ്പോർട്ടിൽ ഉണ്ടാവണമെന്നും അദേഹം ആവശ്യപ്പെട്ടു. ഏതൊക്കെ സ്ഥാനങ്ങൾ വഹിക്കുന്നവാരാണ് പരസ്യ പ്രതികരണം നടത്താൻ നേതൃത്വം നൽകിയതെന്നത് ഉൾപ്പടെ റിപ്പോർട്ടിൽ ഉൾപെടുത്താൻ എംവി ഗോവിന്ദൻ നിർദേശിച്ചു.
STORY HIGHLIGHT : CPIM Karunagappally Area Committee could not be reorganized















