ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടാണ് മറവിരോഗം. ഡിമൻഷ്യ, അൽസ്ഹൈമേഴ്സ് തുടങ്ങിയ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനായി തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ പരിചയപ്പെടാം.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന മെഡിറ്ററേനിയൻ ഭക്ഷണരീതിയും രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഡാഷ് ഡയറ്റും സമന്വയിപ്പിച്ചാണ് ഡിമൻഷ്യ സാധ്യതയും അൽഷിമേഴ്സ് സാധ്യതയും കുറയ്ക്കുന്ന മൈൻഡ് ഡയറ്റ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആന്റിഓക്സിഡന്റുകളും ആന്റിഇൻഫ്ലമേറ്ററി സംയുക്തങ്ങൾ, വൈറ്റമിനുകൾ, ധാതുക്കൾ ധാരാളമടങ്ങിയ ഭക്ഷണം ആണ് മൈൻഡ് ഡയറ്റിൽ ഉൾപ്പെടുന്നത്. ഇവ ഓക്സീകരണ സമ്മർദവും ഇൻഫ്ലമേഷനും മൂലം തലച്ചോറിന്റെ കോശങ്ങൾ നശിക്കാതെ സംരക്ഷണമേകുന്നു. ഇവ രണ്ടുമാണ് ഡിമൻഷ്യയ്ക്ക് കാരണമാകുന്നത്.
ഇലക്കറികളും പച്ചക്കറികളും
പച്ചച്ചീര, കേൽ, കൊളാർഡ് ഗ്രീൻസ്, ബ്രൊക്കോളി തുടങ്ങിയവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം. ഈ പച്ചക്കറികളിൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഡിമൻഷ്യ സാധ്യത കുറയ്ക്കാനും സഹായിക്കുന്ന കരോട്ടിനോയ്ഡുകളും ഫോളേറ്റും അടങ്ങിയിട്ടുണ്ട്.
ബെറിപ്പഴങ്ങൾ
ആഴ്ചയിൽ രണ്ടു തവണയെങ്കിലും ബെറിപ്പഴങ്ങൾ കഴിക്കണമെന്ന് മൈൻഡ് ഡയറ്റ് നിർദേശിക്കുന്നു. ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി, ബ്ലാക്ക് ബെറി ഇവയിലെല്ലാം ധാരാളം ആന്റിഓക്സിഡന്റുകളും ഫ്ലേവനോയ്ഡുകളും ഉണ്ട്. ഈ സംയുക്തങ്ങൾ ഓക്സീകരണ സമ്മർദവും നാഡികളുടെ ഇൻഫ്ലമേഷനും കുറയ്ക്കുന്നു. ബൗദ്ധിക നാശം തടയാൻ ഇത് സഹായിക്കുന്നു.
മുഴുധാന്യങ്ങളും നട്സും
ബദാം, വാൾനട്ട്, പിസ്ത തുടങ്ങിയവയിൽ വൈറ്റമിൻ ഇ ധാരാളമുണ്ട്. കൂടാതെ പോളിഫിനോളുകളും ഇവയിലുണ്ട്. ഇവ തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. നട്സുകളും മുഴുധാന്യങ്ങളായ ഓട്മീൽ, ബ്രൗൺ റൈസ്, ക്വിനോവ, ഹോൾവീറ്റ് ബ്രഡ് എന്നിവയും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മുഴുധാന്യങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതോടൊപ്പം ബൗദ്ധിക പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന വൈറ്റമിൻ ബിയും നൽകുന്നു.
മത്സ്യം, കോഴിയിറച്ചി
കോര, മത്തി, അയല, പുഴമത്സ്യങ്ങൾ ഇവയിലെ ഒമേഗ 3 തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കും. ആഴ്ചയിൽ ഒരു തവണ ഇവ കഴിക്കുന്നതു പോലും ഓർമശക്തി മെച്ചപ്പെടുത്താനും മാനസികമായ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ലീൻ പ്രോട്ടീൻ അടങ്ങിയ കോഴിയിറച്ചിയും ടർക്കിയും മൈൻഡ് ഡയറ്റിൽ ഉൾപ്പെടുന്നു. ആഴ്ചയിൽ രണ്ടു തവണ ഇവ കഴിക്കുന്നത് എസ്സൻഷ്യൽ അമിനോ ആസിഡുകൾ ലഭിക്കാൻ സഹായിക്കും.
ഒലിവ് ഓയിൽ
ഒലിവ് ഓയിലിൽ പാചകം ചെയ്യുന്ന ഭക്ഷണം പോഷകസമ്പുഷ്ടമാണ്. സാലഡ് ഡ്രസ്സിങ്ങിനായി മാത്രമല്ല, മൈൻഡ് ഡയറ്റിലെ കൊഴുപ്പിന്റെയും മോണോ അൺസാച്ചുറേറ്റഡ് ഫാറ്റിന്റെയും ഉറവിടം കൂടിയാണ് ഒലിവ് ഓയിൽ. ഇവ ഇൻഫ്ലമേഷൻ കുറയ്ക്കുന്നതോടൊപ്പം തലച്ചറിന് ആവശ്യമായ പോഷകങ്ങളും നൽകുന്നു.
















