മാലേഗാവ് സ്ഫോടന കേസിൽ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീൽ. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി നേതാവ് പ്രഗ്യാസിംഗ് ഠാക്കൂർ അടക്കമുള്ള പ്രതികളെ വെറുതെവിട്ട വിധിക്കെതിരെയാണ് അപ്പീൽ. അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും. ബിജെപി മുൻ എംപി പ്രഗ്യ സിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽകർണി എന്നിവരെയാണ് പ്രത്യേക എൻഐഎ കോടതി (മുംബൈ) വെറുതെ വിട്ടിരുന്നത്. ഗൂഢാലോചന തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി.
പ്രതികളെ കുറ്റവിമുക്തരാക്കി ജൂലൈ 31 ന് പ്രത്യേക എൻഐഎ കോടതി പുറപ്പെടുവിച്ച ഉത്തരവ് തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും അതിനാൽ റദ്ദാക്കണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്. നിസാർ അഹമ്മദ് സയ്യിദ് ബിലാലും മറ്റ് അഞ്ച് പേരും അവരുടെ അഭിഭാഷകൻ മതീൻ ഷെയ്ഖ് മുഖേന തിങ്കളാഴ്ചയാണ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. 2008 സെപ്തംബർ 29നാണ് വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ കെട്ടിയിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറുപേർ മരിക്കുകയും 100 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്കാണ് പ്രജ്ഞ സിങ്ങിലേക്ക് നയിച്ചത്.
STORY HIGHLIGHT : Malegaon Blast: Victims Approach Bombay High Court Against Acquittal
















