ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ പ്രതികരണവുമായി ഇന്ത്യ. സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി വിദേശ കാര്യ മന്ത്രാലയം. മേഖലയിലെ സുരക്ഷാ സാഹചര്യത്തിലുണ്ടാകുന്ന സ്വാധീനത്തിലും വളരെയധികം ആശങ്കയെന്ന് ഇന്ത്യ. മേഖലയിലെ സമാധാനവും സുരക്ഷയും അപകടത്തിലാകാതിരിക്കാൻ സംയമനവും നയതന്ത്രവും പാലിക്കണമെന്ന് ശക്തമായി അഭ്യർത്ഥിക്കുന്നുവെന്ന് ഇന്ത്യ.
ഖത്താര പ്രവിശ്യയിലെ പാർപ്പിട സമുഛയത്തിലാമ് ഉഗ്രസ്ഫോടനം ഉണ്ടായത്. ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഹമാസിന്റെ പോളിറ്റ്ബ്യൂറോ നേതാക്കൾ താമസിച്ച കെട്ടിടമാണ് ആക്രമിച്ചതെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഹമാസിന്റെ പ്രധാന നേതാക്കളിൽ ഒരാളായ ഖലീൽ അൽ-ഹയ്യ കൊല്ലപ്പെട്ടെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരമാധികാരത്തിന്മേൽ ഉള്ള കടന്നുകയറ്റമെന്ന് ഖത്തറും തുടക്കം മാത്രമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കി.
വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം നടന്നത്. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനം. ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. അമേരിക്കയുടെ അനുമതിയോടെയാണ് ഖത്തറിൽ ഇസ്രയേൽ ആക്രമണമെന്നാണ് വിവരം. രണ്ട് ദിവസം മുമ്പ് ഡോണൾഡ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവിധ മാധ്യസ്ഥ ചർച്ചകളും ഖത്തർ അവസാനിപ്പിച്ചു.
STORY HIGHLIGHT : Israel attack in Doha; India expresses concern
















