ഡൽഹി: നേപ്പാളിലെ ആഭ്യന്തര സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനവുമായി നേപ്പാൾ സൈന്യം. സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന് നേപ്പാള്‍ സൈന്യം ആഹ്വാനം ചെയ്തു. സമധാന ശ്രമങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ നേതൃത്വവും പ്രക്ഷോഭകാരികളും തയ്യാറാകണമെന്നും സൈന്യം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിന് പിന്നാലെ നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും പ്രക്ഷോഭകരോട് സൈന്യം അഭ്യർത്ഥിച്ചു. നേപ്പാളിനെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി.
ഇന്നലെ രാത്രി 10 മണിമുതൽ നഗരത്തിൽ സൈന്യത്തെ വിന്യസിച്ചു. നേപ്പാളിനെ ഇളക്കിമറിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനൊടുവിൽ പ്രധാനമന്ത്രി കെ പി ശർമ ഒലിയും പ്രസിഡൻ്റ് രാംചന്ദ്ര പൗഡേലും രാജിവെച്ചിരുന്നു. ഇരുവരും സൈന്യത്തിൻ്റെ സുരക്ഷിത കേന്ദ്രത്തിലാണെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, നേപ്പാളിലെ സ്ഥിതിഗതികള്‍ ഇന്ത്യ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നു. അക്രമം ഹൃദയഭേദകമെന്നും നിരവധി യുവാക്കൾക്ക് ജീവൻ നഷ്ടമായത് വേദനാജനകമെന്നുംപ്രധാനമന്ത്രി എക്സിൽ കുറിച്ചു. സമാധാനത്തിന് ആഹ്വാനം നൽകി നേപ്പാളിയിലാണ് മോദി എക്സിൽ കുറിച്ചത്.
വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി ജനപ്രിയമായ 26 സമൂഹ മാധ്യമ അക്കൗണ്ടുകൾ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാൾ സർക്കാർ നിരോധിച്ചതിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെന്ന് വിശദീകരിച്ചായിരുന്നു സർക്കാർ നടപടി.
‘ജെൻ സീ വിപ്ലവം’ എന്നപേരിൽ ഇന്നലെ ആരംഭിച്ച യുവാക്കളുടെ പ്രക്ഷോഭം സുരക്ഷാസേന അടിച്ചമർത്താൻ തുടങ്ങിയതോടെയാണ് അക്രമാസക്തമായത്. സംഘർഷത്തിൽ 19 പേർ മരിച്ചിരുന്നു. 347 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
















