ആലപ്പുഴ: സിപിഐയുടെ 25ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ തുടങ്ങും. രാവിലെ 11മണിക്ക് പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. 39 ക്ഷണിതാക്കൾ അടക്കം 528 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇന്നലെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പുറപ്പെട്ട ദീപശിഖ പ്രയാണം സമ്മേളന നഗരിയായ കാനം രാജേന്ദ്രൻ നഗറിൽ എത്തുമ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ദീപശിഖ ഏറ്റുവാങ്ങും. മുതിര്‍ന്ന നേതാവായ കെ ആര്‍ ചന്ദ്രമോഹന്‍ പതാക ഉയര്‍ത്തും. വൈകിട്ട് അഞ്ചിന് ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മൂന്നുദിവസം നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടി നേതൃത്വത്തിന്റെയും ഇഴകീറിയുള്ള പരിശോധന ഉണ്ടാകും. സംസ്ഥാന സെക്രട്ടറിയുടെയും, നാലു മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ജില്ലാ സമ്മേളനങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇത് കുറച്ചുകൂടി തീവ്രമായി സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നേക്കും. മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയരാനാണ് സാധ്യത. വിമര്‍ശനങ്ങള്‍ ഉണ്ടായാലും ബിനോയ് വിശ്വം തന്നെ സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നേക്കും. 43 വർഷത്തിന് ശേഷമാണ് ആലപ്പുഴ പാർട്ടി സമ്മേളനത്തിന് വേദിയാകുന്നത്.
















