കൊച്ചി: യുവ ഡോക്ടറെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടനെ ഇന്നും കൊച്ചി പൊലീസ് ചോദ്യം ചെയ്യും. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ അന്വേഷണവുമായി സഹകരിക്കാന്‍ ഇയാള്‍ ബാധ്യസ്ഥനാണ്. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തി ഇന്നലെ അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വേടനെ വിട്ടയച്ചത്.
തൃക്കാക്കര എസ്എച്ച്ഒ കിരൺ സി നായരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. 114 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി അന്വേഷകസംഘം തയ്യാറാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ സംസാരിക്കാനില്ലെന്ന് വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസില്‍ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ മൊഴി പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ അറസ്റ്റ് ഒഴിവായെങ്കിലും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്തെല്ലാം ഹാജരാവാനും ചോദ്യം ചെയ്യലുമായി സഹകരിക്കാനും വേടന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
2021 ആഗസ്ത് മുതൽ 2023 മാർച്ചുവരെയുള്ള കാലയളവിൽ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് യുവതിയുടെ പരാതി. പാട്ട് പുറത്തിറക്കാനെന്ന പേരിൽ 31,000 രൂപ തട്ടിയെന്നും പരാതിയിൽ ആരോപിക്കുന്നു.
















