തിരുവനന്തപുരം: പൊലീസിന്റെ കസ്റ്റഡി മര്‍ദന വാര്‍ത്തകളില്‍ പ്രതികരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ പഴയ പരാതികളാണ് മാധ്യമങ്ങള്‍ ഉയര്‍ത്തുന്നതെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
ഇതൊന്നും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു. ലോക്കപ്പ് മര്‍ദനങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും പൊലീസ് മര്‍ദനത്തിന് ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ ഇല്ല, തനിക്കും പൊലീസ് മര്‍ദനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കുന്നംകുളം പൊലീസ് കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് പൊലീസ് ഡ്രൈവറായിരുന്ന സുഹൈറിനെ കൂടി പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റ് സുജിത്ത് സ്വകാര്യ അന്യായം ഫയൽ ചെയ്തു.
കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്യായം ഫയൽ ചെയ്തത്. കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റും അഭിഭാഷകനുമായ സി ബി രാജീവ് മുഖേനയാണ് സ്വകാര്യ അന്യായം ഫയൽ ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് സുഹൈറിനെ കോടതി കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.
















