ആപ്പിളിന്റെ ഈ വർഷത്തെ കാത്തിരുന്ന ലോഞ്ചിംഗ് ഇതാ എത്തിപ്പോയി. ആപ്പിൾ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ എയർ, ആപ്പിൾ എയർപോഡ്സ് പ്രോ 3, ആപ്പിൾ വാച്ച് അൾട്രാ 3, ആപ്പിൾ വാച്ച് സീരീസ് 11, പുതിയ ആപ്പിൾ വാച്ച് എസ്ഇ3 എന്നിവയാണ് ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇവയുടെ വിവിധ ഫീച്ചറുകളും വിശദാംശങ്ങളും നോക്കാം
- വില ഇങ്ങനെ…
ഐഫോൺ 17ന് 799 ഡോളറും (ഏകദേശം 85,000 രൂപ), ഐഫോൺ 17ന് 899 ഡോളറും (ഏകദേശം 95,000 രൂപ), ഐഫോൺ 17 പ്രോയ്ക്ക് 1099 ഡോളറും (ഏകദേശം 1,20,000 രൂപ),ഐഫോൺ 17 പ്രോ മാക്സിന് 1199 ഡോളറും (ഏകദേശം 1,30,000 രൂപ) ആണ് പ്രതീക്ഷിക്കുന്ന വില. ഈ വിലകൾക്ക് നികുതികളും ഇറക്കുമതി ചെലവുകളും കാരണം വ്യത്യാസം വന്നേക്കാം. പുതിയ മോഡലുകൾ സെപ്റ്റംബർ 12 മുതൽ പ്രീ-ഓർഡറിന് ലഭ്യമാകും, സെപ്റ്റംബർ 19 മുതൽ സ്റ്റോറുകളിൽ വിൽപ്പന ആരംഭിക്കും.
പ്രതീക്ഷിച്ചതുപോലെ നാല് മോഡലുകളുമായാണ് ഐഫോൺ 17( iPhone 17) സീരീസ് വിപണിയിലെത്തിയത്: ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ എയർ( iPhone 17, iPhone 17 Air, iPhone 17 Pro, iPhone 17 Pro Max). ഈ സീരീസിലെ ഏറ്റവും പ്രധാന ആകർഷണം സൂപ്പർ-തിൻ ഷാസിയിൽ വന്ന ഐഫോൺ എയർ ആയിരുന്നു. വിപണിയിലെ ഏറ്റവും കനം കുറഞ്ഞ ഫോണായിരിക്കും ഇതെന്ന് ആപ്പിൾ അവകാശപ്പെടുന്നു.
- ഐഫോൺ 17 പ്രോയിൽ എന്തൊക്കെ?
ടെക് ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ആപ്പിളിന്റെ പുതിയ ഫോണുകളായ ഐഫോൺ 17 പ്രോയും ഐഫോൺ 17 പ്രോ മാക്സും അവതരിപ്പിച്ചു. ഡിസൈൻ, പ്രകടനം, ക്യാമറ, ബാറ്ററി ലൈഫ് എന്നിവയിൽ വലിയ മുന്നേറ്റമാണ് പുതിയ മോഡലുകൾ വാഗ്ദാനം ചെയ്യുന്നത്. ഡീപ് ബ്ലൂ, കോസ്മിക് ഓറഞ്ച്, സിൽവർ എന്നീ മൂന്ന് നിറങ്ങളിൽ ഫോണുകൾ ലഭ്യമാകും.
- പുതിയത് ഇതൊക്കെ
മെച്ചപ്പെട്ട താപനിയന്ത്രണ സംവിധാനത്തോടെയുള്ള, പുതിയ അലുമിനിയം യൂണിബോഡി ഡിസൈനാണ് നൽകിയിട്ടുള്ളത്. ഇത് കൂടുതൽ മികച്ച പ്രകടനം സാധ്യമാക്കുന്നു. പുതിയതായി ഉൾപ്പെടുത്തിയ വേപ്പർ ചേംബർ ശക്തമായ എ19 പ്രോ ചിപ്പിൽ നിന്നുള്ള ചൂട് പുറത്തേക്ക് കളയാൻ സഹായിക്കുന്നു. ഏറ്റവും മികച്ച ബാറ്ററി ലൈഫ് നൽകുമെന്നും ആപ്പിൾ അവകാശപ്പെടുന്നു. 20 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ചാർജിങ് സൗകര്യവും ഇതിനുണ്ട്.
എ19 പ്രോ ആണ് ഈ പുതിയ ഫോണുകളിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഇത് മുൻ തലമുറയെക്കാൾ 40 ശതമാനം മികച്ച പ്രകടനം നൽകും. ഗെയിമിങ്, വിഡിയോ എഡിറ്റിങ്, എഐ മോഡലുകൾ എന്നിവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണിത്. Wi-Fi 7, ബ്ലൂടൂത്ത് 6 തുടങ്ങിയ പുതിയ വയർലെസ് സാങ്കേതികവിദ്യകൾ സാധ്യമാക്കുന്ന N1 എന്ന പുതിയ ചിപ്പും ഇതിലുണ്ട്.
പ്രോ, മാക്സ് മോഡലുകൾക്ക് കൂടുതൽ റെസല്യൂഷനുള്ള മുൻ-പിൻ ക്യാമറകളുണ്ട്. മൂന്ന് 48MP ഫ്യൂഷൻ ക്യാമറകൾ: മെയിൻ, അൾട്രാ വൈഡ്, പുതിയ ടെലിഫോട്ടോ ക്യാമറകൾ എന്നിവ എട്ട് ലെൻസുകൾക്ക് തുല്യമായ പ്രകടനം നൽകും.
പുതിയ 18 എംപി സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറ: സെൽഫികൾക്കും വിഡിയോ കോളുകൾക്കും കൂടുതൽ മികച്ച അനുഭവം നൽകുന്നു. ഗ്രൂപ്പ് സെൽഫികളിൽ ആളുകൾക്കനുസരിച്ച് ഫീൽഡ് ഓഫ് വ്യൂ ഓട്ടോമാറ്റിക്കായി ക്രമീകരിക്കാൻ ഇതിന് കഴിയും.
പുതിയ മോഡലുകളിൽ സെറാമിക് ഷീൽഡ് 2 മുൻവശത്തും പിന്നിലുമുണ്ട്. ഇത് സ്‌ക്രാച്ച് റെസിസ്റ്റൻസ് വർദ്ധിപ്പിക്കുകയും പൊട്ടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ ഫിസിക്കൽ സിം കാർഡ് സ്ലോട്ട് ഇല്ലാത്ത eSIM മാത്രമുള്ള മോഡലുകൾ ലഭ്യമാകും. ഇതിന് രണ്ട് മണിക്കൂർ അധിക വീഡിയോ പ്ലേബാക്ക് സമയവും ലഭിക്കും.പ്രീ-ഓർഡറുകൾ സെപ്റ്റംബർ 12 വെള്ളിയാഴ്ച ആരംഭിക്കും, സെപ്റ്റംബർ 19 മുതൽ വിൽപ്പന ആരംഭിക്കും.
ആപ്പിൾ വാച്ചിൽ രക്തസമ്മർദ്ദ നിരീക്ഷണ സംവിധാനം
പുതിയ ആപ്പിൾ വാച്ച് സീരീസ് 11-ൽ ആരോഗ്യസംരക്ഷണത്തിന് മുൻതൂക്കം നൽകുന്ന പുതിയ ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഉപയോക്താക്കൾ പ്രതീക്ഷിച്ചിരുന്ന രക്തസമ്മർദ്ദം നിരീക്ഷിക്കാനുള്ള സംവിധാനം ഇതിൽ ലഭ്യമാകും.
content highlight: Apple iPhone 17 series
















