കുവൈത്തിൽ സ്‌കൂൾ കാന്റീനുകൾ പ്രവർത്തിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി 20 സപ്ലയർ കമ്പനികൾക്ക് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) അംഗീകാരം നൽകി. ഇതിനായി അപേക്ഷിച്ച 36 കമ്പനികളിൽ നിന്നാണ് ഈ 20 എണ്ണത്തിന് അംഗീകാരം ലഭിച്ചത്.
സ്‌കൂൾ കാന്റീനുകൾക്കായുള്ള എക്സിക്യൂട്ടീവ് റെഗുലേഷനുകളിൽ പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചതിനാലാണ് ഈ കമ്പനികൾക്ക് അനുമതി ലഭിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.
ശീതളപാനീയങ്ങൾ, ഊർജ്ജ പാനീയങ്ങൾ, കഫീൻ അടങ്ങിയ പാനീയങ്ങൾ, പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ, ട്രാൻസ് ഫാറ്റ് ഉൾപ്പെടുന്ന ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, ടിന്നിലടച്ച നൂഡിൽസ്, കൃത്രിമ നിറങ്ങൾ, ഉയർന്ന കലോറി സോസുകൾ, സംസ്കരിച്ച മാംസം എന്നിവക്ക് ക്യാന്റീനുകളിൽ വിലക്ക് ഏർപ്പെടുത്തി.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാർത്ഥികളുടെ ആരോഗ്യവും പോഷകാഹാര ശീലങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു വികസന പദ്ധതിയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത് സ്കൂളുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
















