നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്നുവരുന്ന ആഭ്യന്തര സംഘർഷത്തിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ള 12 അംഗ സംഘം സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ.
മുളന്തുരുത്തിയിലുള്ള നിർമ്മല കോളേജിലെ 10 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം കാഠ്മണ്ഡുവിന് സമീപമുള്ള ഒരു ഹോസ്റ്റലിൽ കഴിയുകയാണ്. നിലവിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഇവർക്ക് ഇന്ത്യയിലേക്ക് ഉടൻ തിരികെ എത്താൻ കഴിയില്ല.
അസിസ്റ്റന്റ് പ്രൊഫസറായ ലാലു പി. ജോയിയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം മൂന്നാം തീയതി കാദംബരി മെമ്മോറിയൽ കോളേജിൽ നടന്ന ഇന്റർനാഷണൽ സ്റ്റുഡൻസ് എക്സ്പോയിൽ പങ്കെടുക്കാൻ പോയതായിരുന്നു.
സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് പ്രൊഫസർ ലാലു പി. ജോയി സ്ഥിരീകരിച്ചു. കൂടാതെ സംഘർഷാവസ്ഥയുടെ ദൃശ്യങ്ങൾ ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
















