അപ്പത്തിനും ചപ്പാത്തിക്കും നെയ്ച്ചോറിനുമെല്ലാം കൂടെ കഴിക്കാൻ ഒരു കിടിലൻ മട്ടൺ സ്റ്റ്യൂ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മട്ടണ്‍ – ഒരു കിലോ
- ഉരുളക്കിഴങ്ങ് – രണ്ടെണ്ണം
- കാരറ്റ് – ഒരെണ്ണം
- സവാള – രണ്ടെണ്ണം
- ഇഞ്ചി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
- പച്ചമുളക് രണ്ടായി കീറിയത് അഞ്ചെണ്ണം
- കറുവപ്പട്ട രണ്ടു ചെറിയ കഷണം
- ഏലക്കാ 4, 5 എണ്ണം
- ഗ്രാമ്പൂ 4 എണ്ണം
- അണ്ടിപ്പരിപ്പ് – 50 ഗ്രാം
- ഉണക്ക മുന്തിരി – 25 ഗ്രാം
- നെയ്യ് – നൂറു ഗ്രാം
- കുരുമുളക് (പൊടിക്കാത്തത്) ഒരു ടീസ്പൂണ്‍
- പെരുംജീരകം ഒരു നുള്ള്
- ഒന്നാം തേങ്ങാപ്പാല്‍ ഒരു കപ്പ്
- രണ്ടാം തേങ്ങാപ്പാല്‍ മൂന്നു കപ്പ്
- ഉപ്പ് പാകത്തിന്
- കറിവേപ്പില രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ മട്ടന്‍ ചെറുതാക്കി നുറുക്കി കഴുകി വൃത്തിയാക്കി എടുക്കുക. സവാള ചെറുതായി അരിഞ്ഞു വയ്ക്കുക. പച്ചക്കറികള്‍ എല്ലാം ചെറുതായി അരിഞ്ഞു വയ്ക്കുക. ഇനി അടുത്തതായി ഒരു ചട്ടിയില്‍ ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും. കറിവേപ്പിലയും, സവാളയും, കുരുമുളകും എല്ലാം കൂടി ഇട്ടു മട്ടനും ചേര്‍ത്ത് തിരുമ്മി രണ്ടാം പാല് ഒഴിച്ച് വേവിച്ചു എടുക്കുക. അടുത്തതായി ഉരുളക്കിഴങ്ങും ,ക്യാരറ്റും ആവിയില്‍ പകുതി വേവില്‍ പുഴുങ്ങി നുറുക്കി എടുക്കുക. ഇനി ഒരു ചീനച്ചട്ടി അടുപ്പത് വച്ച് എണ്ണ ഒഴിച്ച്
ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് കറുവാപട്ട, ഗ്രാമ്പൂ, ഏലയ്ക്ക, പെരുംജീരകം എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിനു ശേഷം ഇതിലേയ്ക്ക് പുഴുങ്ങിയ പച്ചക്കറികള്‍ ചേര്‍ത്ത് വഴറ്റുക. ഇനി ഇതിലേയ്ക്ക് വേവിച്ചുവച്ച മട്ടന്‍ ചേര്‍ക്കാം. ഇതൊന്നു ഇളക്കി ചേര്‍ത്തിട്ടു ഇതിലേയ്ക്ക് ഒന്നാം പാല് ചേര്‍ക്കാം. ഒന്ന് നന്നായി ഇളക്കി ചേര്‍ക്കാം. ഉപ്പു നോക്കി വേണമെങ്കില്‍ ചേര്‍ക്കാം. കുറച്ചു നേരം ചൂടായതിനു ശേഷം ഇറക്കാം. തിളയ്ക്കരുത്. ഇനി ഒരു ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അണ്ടിപ്പരിപ്പും മുന്തിരിയും കൂടി വറുത്തു എടുത്തു നെയ്യോടു കൂടി സ്റ്റ്യൂ വില്‍ ചേര്‍ക്കാം. സൂപ്പര്‍ മട്ടന്‍ സ്റ്റ്യൂ റെഡി.
















