വെള്ളിത്തിരയുടെ വെള്ളി വെളിച്ചം മുഖത്തു വീണിട്ട് ഏഴുകൊല്ലം. വിവിധ ഭാഷകളിലായി പത്തു ചിത്രങ്ങള്‍. പത്താമത്തെ ചിത്രം അവളെ അടയാളപ്പെടുത്തിയിരിക്കുന്നു. സിനിമാ ലോകത്ത് കല്യാണി പ്രിയദര്‍ശന്‍ എന്ന പെണ്‍കുട്ടിയുടെ ഒറ്റയാള്‍ വഴി വെടിപ്പായി തെഴിഞ്ഞിരിക്കുകയാണ്. ദി കരിയര്‍ ബെസ്റ്റ് എന്ന് വാഴ്ത്തിപ്പാടുന്ന ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര എന്ന ഫാന്റസി സിനിമ ഒരു സ്വപ്‌നത്തില്‍പ്പോലും കണ്ടു കാണില്ലെങ്കിലും, കുട്ടിത്തം മാറാത്ത കല്യാണിക്ക് ഈ സിനിമയിലെ റോള്‍ ചേരുമെന്ന് ആര്‍ക്കും തോന്നിപ്പോകും. അവള്‍ക്കായ് കാത്തുവെച്ചിരുന്ന ഒന്ന് എന്നതിനപ്പുറം മറ്റൊന്നില്ല.
നോക്കൂ, മലയാള സിനിമയില്‍ ലേഡി സൂപ്പര്‍ സ്റ്റാറെന്ന് പ്രഖ്യാപിച്ചത് മഞ്ജു വാര്യരെ മാത്രമാണ്. മറ്റുള്ളവരെ വാ മൊഴി കൊണ്ട് പ്രചരിപ്പിച്ചിരുന്നുവെങ്കിലും പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. അത് മഞ്ജുവാര്യരുടെ പേര് മാത്രമായിരുന്നു. അതിന് നിരവധി കാരണങ്ങളുണ്ട്. ഭാവാഭിനയം മുതല്‍ തന്റേടം വരെ. കുടുംബ ചിത്രങ്ങള്‍ മുതല്‍ ആക്ഷന്‍ സിനിമകള്‍ വരെയുണ്ട്. പക്ഷെ, ഈ സിനിമകള്‍ക്കെല്ലാം മഞ്ജുവിന് കൂട്ടായി സൂപ്പര്‍ സ്റ്റാര്‍ പദവികളില്‍ അഭിരമിക്കുന്നവരോ. മെഗാസ്റ്റാറോ, ജനപ്രിയനോ ഒക്കെ ഉണ്ടാകുമായിരുന്നു. ആ പിന്‍ബലത്തില്‍ സിനിമകള്‍ ഓടുകയും ചെയ്യുമായിരുന്നു. കോടികളുടെ കളക്ഷന്‍ നേടുന്നതും, എന്തിന്, 100 കോടി ക്ലബ്ബില്‍ കയറിപ്പറ്റുന്നതും ഈ ചേരുവകള്‍ ഉള്ളതു കൊണ്ടാണ്.
എന്നാല്‍, മലയാള സിനിമയെ സംബന്ധിച്ച് ഈ നരുന്ത് പെണ്ണ് ഒറ്റയ്ക്കാണ് 100 കോടി ക്ലബ്ബിലേക്ക് ഒരു സിനിമയെ വലിച്ചെടുത്തു കൊണ്ടു പോയിരിക്കുന്നത്. നൂറുകോടി കഴിഞ്ഞപ്പോള്‍ ഇനി ഇരുന്നൂറു കോടി ക്ലബ്ബിനെ കുറിച്ചാണ് ചിന്തിക്കുന്നത്. മലയാള സിനിമയിലെ താര പരിവേഷങ്ങളുള്ളവരെല്ലാം ഇരുന്നൂറു കോടി ക്ലബ്ബിനെ കുറിച്ച് കേള്‍ക്കാനേ വഴിയുള്ളൂ. എത്താനായിട്ടില്ലെന്ന് ഉറപ്പല്ലേ. ലോക എന്ന സിനിമയുടെ മെറിറ്റും ഡി മെറിറ്റും നോക്കിയുള്ള റിവ്യൂകള്‍ നിരവധി വന്നുകഴിഞ്ഞു. നോക്കൂ, സിനിമാ തിയേറ്ററുകളില്‍ എത്തുന്ന പ്രേക്ഷകരില്‍ കുട്ടികള്‍ പ്രധാനപ്പെട്ടവരാണ്. ഒരു കുട്ടി സിനിമ കാണാന്‍ ആഗ്രഹിച്ചാല്‍, ആ കുട്ടിയ്‌ക്കൊപ്പം അച്ഛനും അമ്മയും കുറഞ്ഞ പക്ഷമുണ്ടാകും.
എന്നാല്‍, നേരേ മറിചച്ച് അച്ഛനും അമ്മയ്ക്കും സിനിമ കാണാന്‍ ആഗ്രഹമുണ്ടായാല്‍ കുട്ടിയെ ഒഴിവാക്കി അവര്‍ക്ക് കാണാന്‍ വാരനാകും. ഈ വ്യത്യാസമാണ് ലോകയെ ജനകീയമാക്കിയതില്‍ ഒരു ഘടകം. ഒരു ആക്ഷന്‍ ഫാന്റസി സിനിമയ്ക്കു വേണ്ടുന്ന എല്ലാ ചിരുവകയും ഉള്ളതു കൊണ്ട് കൂടുതല്‍ ആകര്‍ഷണമായി. പക്ഷെ, ഇവിടെയെല്ലാം കല്യാണിയുടെ കരുത്തിനെ കുറിച്ച് പറയാതെ വയ്യ. അഭിനയിച്ച മറ്റു സിനിമകളെല്ലാം ആവറേജ് എന്നതിനപ്പുറം ഉയര്‍ന്നിട്ടില്ല. മാത്രമല്ല, കളക്ഷനും കുറവായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. അതിനെല്ലാം പകരം വീട്ടല്‍ പോലെ കല്യാണിയുടെ വണ്‍മാന്‍ ഷോ ആണ് ലോക. സംവിധായകന്റെയും നിര്‍മാതാവിന്റെയും പ്രതീക്ഷകള്‍ക്കൊപ്പവും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കു ഒരു പടി മുകളിലും നില്‍ക്കുന്ന ഗംഭീര പ്രകടനമാണ് കല്യാണി പുറത്തെടുക്കുന്നത്.
വിമര്‍ശകരുടെ സംശയങ്ങളെ പ്രകടന മികവു കൊണ്ട് മറികടക്കുന്നു കല്യാണി, പ്രണയവും നിഗൂഢതയും മാസുമൊക്കെ ഇടകലര്‍ന്ന ഒന്നിലേറെ അടരുകളുള്ള കഥാപാത്രം തന്റെ കൈകളില്‍ സുരക്ഷിതമാക്കുന്നു. യുവതാരങ്ങളായ നസ്ലിന്‍, അരുണ്‍ കുര്യന്‍, ചന്തു സലീംകുമാര്‍ പ്രതിനായക വേഷത്തില്‍ എത്തുന്ന സാന്‍ഡി, സ്റ്റാര്‍ കാമിയോ വേഷങ്ങളില്‍ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, സണ്ണി വെയിന്‍ തുടങ്ങി വമ്പന്‍ താരനിരയുള്ളപ്പോഴും സിനിമയുടെ ന്യൂക്ലിയസ് കല്യാണി പ്രിയദര്‍ശനായിരുന്നു. ‘ലോക’യുടെ അധ്യായം ഒന്നില്‍ തന്റെ സഹതാരങ്ങളെയെല്ലാം നിക്ഷ്പ്രഭരാക്കി ഒരുപടി മുകളില്‍ തന്നെ പറക്കുന്നു കല്യാണിയുടെ ചന്ദ്രയെന്ന കഥാപാത്രം. ഏറെ കാലത്തിനു ശേഷം ഒരേ അഭിനേതാവിന്റെ രണ്ട് സിനിമകള്‍ ഓണക്കാലത്ത് ഒരുമിച്ച് റിലീസാകുന്നുവെന്ന പ്രത്യേകതയും ഉണ്ട്.
യാദൃച്ഛികമായി സംഭവിച്ചതാണെങ്കിലും കല്യാണിയുടെ വരവറിയിക്കുന്ന ഉത്സവകാലമായി ഈ ഓണം മാറുന്നു. തന്റെ തന്നെ മുന്‍ കഥാപാത്രങ്ങളോട് താരതമ്യം പോലും അസാധ്യമാക്കുന്ന രീതിയില്‍ കരിയര്‍ ഗ്രാഫ് ഉയര്‍ത്തി പുതിയൊരു ബെഞ്ച് മാര്‍ക്ക് സൃഷ്ടിക്കുകയാണ് കല്യാണി ‘ലോക’യിലൂടെ.
CONTENT HIGH LIGHTS; Kalyani, the ‘Lady Superstar’: The girl who single-handedly brought Malayalam cinema to the 100 crore club without the support of mega, super, and popular stars
















