തൃശൂര്‍: മദ്യപാനത്തെത്തുടര്‍ന്നുണ്ടായ വഴക്കിനിടെ പിതാവിനെ മര്‍ദ്ദിച്ചും കുത്തിയും മകന്‍ കൊലപ്പെടുത്തി. കൊരട്ടി ആറ്റപ്പാടത്താണ് സംഭവം. ആറ്റപ്പാടം സ്വദേശി ജോയിയാണ് (56) മരിച്ചത്. മകന്‍ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച ജോയി. രാത്രി മകന്‍ തന്നെയാണ് ജോയി രക്തത്തില്‍ കുളിച്ചുക്കിടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ആദ്യഘട്ടത്തില്‍ കൊലപാതകം നടത്തിയ കാര്യം മകന്‍ സമ്മതിച്ചിരുന്നില്ല. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്ഥലത്ത് നിന്ന് കത്തിയും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
















