അനുമതിയില്ലാതെ ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണപ്പാളികൾ തിരികെയെത്തിക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ദേവസ്വം ബോർഡിനോടാണ് ഹൈക്കോടതിയുടെ നിർദേശം. അനുമതിയില്ലാതെ സ്വർണപ്പാളി ഇളക്കിയത് അനുചിതമെന്നും കോടതി ഉത്തരവുകൾക്ക് എതിരെന്നും ദേവസ്വം ബഞ്ച് ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച്ചയ്‌ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണപ്പാളി അനുമതി ഇല്ലാതെ ഇളക്കി അറ്റകുറ്റപ്പണിക്കായി കൊണ്ടു പോയത് അനുചിതമെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. വിഗ്രഹ അറ്റകുറ്റപ്പണിക്കുൾപ്പെടെ ശബരിമല സ്പെഷ്യൽ കമ്മീഷണറുടെയും ദേവസ്വം ബഞ്ചിൻ്റെയും മുൻകൂർ അനുമതി നേടണമെന്ന് മുൻ ഉത്തരവുകൾ നlലനിൽക്കുന്നുണ്ട്. എന്നാല്‍ ഈ ഉത്തരവുകൾ ലംഘിച്ചാണ് ദേവസ്വം ബോർഡ് നടപടിയെന്നും ഹൈക്കോടതി വിമർശിച്ചു.
ദ്വാരപാലക സ്വർണപ്പാളി അറ്റകുറ്റപ്പണി നടത്തണമെന്ന് നാളുകൾക്ക് മുന്നേ തന്ത്രി സ്പെഷ്യൽ കമ്മീഷണറെ അറിയിച്ചിരുന്നതുമാണ്. ആവശ്യത്തിന് സമയം ലഭിച്ചിട്ടും ദേവസ്വം ബോർഡ് മുൻകൂർ അനുമതി വാങ്ങിയില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. തുടർന്ന് വെള്ളിയാഴ്ചയ്ക്കകം ദേവസ്വം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം ബോർഡ് എന്നിവർ വിശദമായ റിപ്പോർട്ട് നൽകാനും ഹൈക്കോടതി നിർദേശിച്ചു.
അനുമതിയില്ലാതെ ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണപ്പാളി ഇളക്കി അറ്റകുറ്റപ്പണിയ്ക്കായി ദേവസ്വം ബോർഡ് ചെന്നൈയിലേക്ക് കൊണ്ടുപോയത് ഗുരുതര വീഴ്ചയെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്‍ മേലാണ് നടപടി.
















