ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിലും സ്പോൺസർഷിപ്പിലും സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി.ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിൻ്റെ പങ്ക് എന്താണെന്ന് ഹൈക്കോടതി. സംഗമത്തിന് പണം സ്വരൂപിക്കുന്നതിൽ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആഗോള അയ്യപ്പ സംഗമത്തിന് എതിരായ നാല് ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടിരിക്കെയാണ് കോടതിയുടെ നിരീക്ഷണം.
അയ്യപ്പ സംഗമത്തിന് സർക്കാരോ ദേവസ്വം ബോർഡോ പണം ചെലവഴിക്കില്ലെന്നും, എല്ലാം സ്പോൺസർഷിപ്പിലൂടെയാണ് സമാഹരിക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. പരിപാടിയുടെ നടത്തിപ്പിൽ ദേവസ്വം ബോർഡിനെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സർക്കാർ മറുപടി നൽകി. കുംഭമേള മാതൃകയിൽ ആളുകളെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശമെന്നും വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സർക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറലും ദേവസ്വത്തിനു വേണ്ടി തിരുവിതാംകൂർ ദേവസ്വം സ്റ്റാൻഡിങ് കൗൺസിലും ഹാജരായി.
അയ്യപ്പനുമായി ബന്ധമുള്ള ഒന്നല്ല അയ്യപ്പസംഗമമെന്നും അയ്യപ്പൻ്റെ പേരിൽ പണം പിരിക്കുകയാണെന്നും ദേവസ്വം സ്റ്റാൻഡിങ് കൗൺസിൽ വാദിച്ചു. അയ്യപ്പൻ്റെ പേര് ദുരുപയോഗം ചെയ്യുന്നു എന്ന വിഷയമാണ് ഹർജിക്കാർ പ്രധാനമായും ഉയർത്തുന്നത്. ധനലക്ഷ്മി ബാങ്കിൽ ആരംഭിച്ച അക്കൗണ്ടിനെയും ഹർജിക്കാർ ചോദ്യം ചെയ്തു. ഭരണ, പ്രതിപക്ഷ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
സനാതനധർമത്തെ തുടച്ചുനീക്കണമെന്ന് ആഹ്വാനം ചെയ്തവരാണ് അയ്യപ്പസംഗമം നടത്തുന്നത്. മതസ്ഥാപനങ്ങളുടെ പരിസരത്ത് മതപരമല്ലാത്ത പരിപാടികൾ സംഘടിപ്പിക്കരുതെന്ന നിയമം മറികടന്നാണ് ഇത് നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഹർജിക്കാർ ആരോപിച്ചു. സ്പോൺസർഷിപ്പ് അടക്കം ഏതു തരത്തിലും സ്വീകരിക്കുന്ന പണം മൂർത്തിക്കുള്ളതാണ്. അത് മറ്റ് കാര്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല.
ഇതൊരു സർക്കാർ പരിപാടിയാണ്, ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ നടക്കുന്നതല്ലെന്ന് സർക്കാർ പറയുന്നത് കള്ളമാണെന്നും ഹർജിക്കാർ ആരോപിച്ചു. ദേവസ്വം ബോർഡിൻ്റെ പേരിൽ ലഭിക്കുന്ന പണം ക്ഷേത്രകാര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഇതിൽ നേരത്തെ കോടതി വിധികളുണ്ടെന്നും അയ്യപ്പൻ്റെ പേര് ദുരുപയോഗം ചെയ്താണ് അയ്യപ്പ സംഗമമെന്നും ഹർജിക്കാരൻ വാദിച്ചു.
ശബരിമല കർമ്മ സമിതി കൺവീനർ എസ്‌ജെആർ കുമാർ, ഹൈന്ദവീയം ഫൗണ്ടേഷൻ ട്രസ്റ്റ് ഭാരവാഹി നന്ദകുമാർ, കോട്ടയം സ്വദേശി അജികുമാർ, അഭിഭാഷകൻ അജീഷ് ഗോപി കളത്തിൽ എന്നിവരാണ് ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹർജികൾ വിധി പറയാനായി ഹൈക്കോടതി മാറ്റി. തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഈ മാസം 20-ന് പമ്പയിലാണ് നടക്കുക.
















