സെപ്റ്റംബര്‍ 17 വരെ നേപ്പാളിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്ങിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി നല്‍കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
യാത്രക്കാര്‍ക്ക് #NepalTravel എന്ന് ടൈപ്പ് ചെയ്താല്‍ എയര്‍ലൈനിന്റെ എഐ ചാറ്റ് അസിസ്റ്റന്റ് ടിയ വഴി ഈ പിന്തുണ എളുപ്പത്തില്‍ ലഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് (www.airindiaexpress.com), വാട്‌സാപ്പ്, മൊബൈല്‍ ആപ് എന്നിവയില്‍ Snb ലഭ്യമാണ്. നേപ്പാളിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ നാളെ മുതല്‍ തടസമില്ലാതെ തുടരും. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അതിഥികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
24 മണിക്കൂര്‍ അടച്ചിട്ട കഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവള സുരക്ഷാ സമിതിയുടെ യോഗത്തിലാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ വിശദാംശങ്ങള്‍ക്കായി യാത്രക്കാര്‍ അവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ അവരുടെ ഔദ്യോഗിക ടിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും കൈവശം വയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയില്‍ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവര്‍ അടക്കമുള്ളവര്‍ കുടുങ്ങി കിടക്കുകയാണ്. നേപ്പാളിലെ പ്രക്ഷോഭത്തിന്റെ ഭാഗമായി അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവര്‍ താമസിക്കുന്നത്. അവര്‍ വീണ്ടും അവിടെ തുടരുന്നത് അതീവ ദുഷ്‌കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
















