അദ്ധ്യാപക നിയമനത്തിൽ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ). സ്വകാര്യ സ്‌കൂളുകളിലെ അദ്ധ്യാപകരുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നടപടികളിൽ, പുതിയ യോഗ്യതകൾ,പെരുമാറ്റച്ചട്ടങ്ങൾ എന്നിവ ഉൾപ്പെടുന്നു.
പുതിയ അദ്ധ്യാപകരെ നിയമിക്കുമ്പോൾ കെഎച്ച്ഡിഎ അംഗീകരിച്ച യോഗ്യതകൾ ഉണ്ടാകണം. സ്കൂളിൽ നിലവിലുള്ള അദ്ധ്യാപകർക്ക് പുതുതായി പ്രഖ്യാപിച്ച യോഗ്യതകൾ നേടാൻ 2028 സെപ്റ്റംബർ വരെ സമയം നൽകിയിട്ടുണ്ട്. എന്നാൽ, ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകളിലെ അദ്ധ്യാപകർക്ക് 2029 ഏപ്രിൽ വരെ സമയം ലഭിക്കും.
വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ മരുന്ന് നൽകുന്നതിന് പുതിയ മാർഗനിർദേശവുമായി യുഎഇ
ഒരു അക്കാദമിക് ടേമിന്റെയോ സെമസ്റ്ററിന്റെയോ ഇടയ്ക്ക് വച്ച് പിരിഞ്ഞുപോകുന്ന അദ്ധ്യാപകർ അവർ അവരുടെ നോട്ടീസ് കാലാവധി പൂർത്തിയാക്കിയാലും ഇല്ലെങ്കിലും – ദുബൈയിലെ മറ്റൊരു സ്വകാര്യ സ്കൂളിൽ അദ്ധ്യാപക ജോലിയിൽ ചേരുന്നതിന് 90 ദിവസം കാത്തിരിക്കണം. നോട്ടീസ് കാലാവധി പൂർത്തിയാക്കി ഒരു ടേമിന്റെയോ സെമസ്റ്ററിന്റെയോ അവസാനം പിരിഞ്ഞുപോകുന്ന അദ്ധ്യാപകർക്ക് ഈ നിയമം ബാധകമല്ല.
ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കെഎച്ച്ഡിഎ പുറത്തിറക്കിയ ഗൈഡിലാണ് പുതിയ നടപടികൾ വിശദീകരിച്ചിട്ടുള്ളത്. എല്ലാ സ്വകാര്യ സ്കൂളുകൾക്കും ഇത് ബാധകമാണ്. പുതുതായി നിയമിക്കപ്പെടുന്നവർക്ക് ഈ മാനദണ്ഡങ്ങൾ നിർബന്ധമാണ്. അദ്ധ്യാപകരുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്.
















