പാറശാലയിൽ പ്ലസ് ടു വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. പെരുവിള പുല്ലൂർക്കോണത്ത് ലിനു രാജ്-ജതിജാ ദമ്പതികളുടെ മകൾ നയന (17) ആണ് മരിച്ചത്. പാറശാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.
തലേദിവസം രാത്രി ഭക്ഷണം കഴിച്ച ശേഷം മുറിയിൽ കയറി കതക് അടച്ചു കിടന്ന പെൺകുട്ടിയെ രാവിലെ ഒരുപാട് നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്.
മുറിയിൽ അനക്കം ഇല്ലാത്തതിനാൽ വാതിൽ തട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് വീട്ടുകാർ ജനൽ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് ബന്ധുവിന്റെ വിവാഹം ആയിരുന്നുവെന്നും പുതിയ വസ്ത്രം ഉൾപ്പെടെ വാങ്ങി ഒരുക്കത്തിൽ ആയിരുന്നുവെന്നും സ്കൂളിലോ വീട്ടിലോ പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പാറശാല പോലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















