മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന് എതിരെ ഇംപീച്ച്മെന്റിന് കേന്ദ്ര സർക്കാർ നീക്കം നടത്തിയിരുന്നതായി ആർഎസ്എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തി. കേന്ദ്ര സർക്കാർ ജഗ്ദീപ് ധൻകറിനെ ഇംപീച്ച് ചെയ്യാൻ ഒരുങ്ങിയിരുന്നെന്നും അതോടെയാണ് ധൻകർ രാജിവെച്ചതെന്നുമാണ് ഗുരുമൂർത്തിയുടെ വെളിപ്പെടുത്തൽ.ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആണ് ഗുരുമൂർത്തിയുടെ വെളിപ്പെടുത്തൽ.ഭരണകക്ഷിക്ക് ചേരാത്ത രീതിയില്‍ പെരുമാറിയതിനാലാണ് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നത്. ഏതോ വിഷയത്തില്‍ സര്‍ക്കാരുമായി അഭിപ്രായ വ്യാത്യസമുണ്ടായി. ഭരണകക്ഷിക്ക് അദ്ദേഹത്തോട് സ്ഥാനം ഒഴിയാനും രാജിവയ്ക്കണമെന്ന് പറയാനും അവകാശമുണ്ടെന്നും ഗുരുമൂർത്തി പറഞ്ഞു.അനാരോഗ്യം ചൂണ്ടിക്കാണിച്ചായിരുന്നു നേരത്തെ ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി പദവി രാജിവെച്ചത്. ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം കേന്ദ്രസർക്കാരുമായുള്ള ഭിന്നതയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഡൽഹിയിലെ വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമക്കെതിരായ ഇംപീച്ച്മെന്റ് നടപടിയിൽ കേന്ദ്ര സർക്കാരും ജഗ്ദീപ് ധൻകറും രണ്ട് ധ്രുവങ്ങളിലായതാണ് രാജിയിലേയ്ക്ക് നയിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇംപീച്ച്മെൻ്റ് നടപടികൾക്ക് മുൻകൈ എടുക്കുമെന്ന് കേന്ദ്രസർക്കാർ ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകറിനെ അറിയിച്ചിരുന്നു. ഇതിനിടെ ഇംപീച്ച്മെൻ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവെച്ച പ്രമേയം ധൻകർ സ്വീകരിക്കുകയായിരുന്നു. ഇത് കേന്ദ്രസർക്കാരിൽ വലിയ അതൃപ്തിയുണ്ടാക്കിയെന്നും, അവ മൂർച്ഛിച്ചതോടെ ധൻകർ പൊടുന്നനെ രാജി പ്രഖ്യാപിച്ചുവെന്നുമായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
















