ലോകത്തെ ഏറ്റവും ധനാഢ്യനെന്ന പദവി ഇനി ഓറക്ക്ൾ സഹസ്ഥാപകൻ ലാറി എലിസൺ സ്വന്തമാക്കി. ഇലോൺ മസ്കിനെ പിന്തള്ളിയാണ് ഈ നേട്ടം സ്വനേതമാക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം ഓറക്ക്ളിന്‍റെ വരുമാന റിപ്പോർട്ട് വന്നതോടെ എലിസണിന്‍റെ സമ്പത്ത് 101 ബില്യൺ ഡോളർ വർധിച്ച് 393 ബില്യൺ ഡോളറായി. ഇതോടെ മസ്കിന്‍റെ 385 ബില്യൺ ഡോളറിനെ മറികടന്ന് എലിസൺ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി മാറിയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
എഐ ഉപഭോക്താക്കളിൽ നിന്ന് തങ്ങളുടെ ഡാറ്റാ സെന്‍റർ ശേഷിക്ക് ആവശ്യകത വർധിച്ചതായി ഓറക്ക്ൾ (ORCL) റിപ്പോർട്ട് ചെയ്തതോടെ കമ്പനിയുടെ ഓഹരി വില കുത്തനെ ഉയർന്നു. ബുധനാഴ്ച രാവിലെ 11 മണിക്ക് ഓഹരികൾ 40 ശതമാനം ഉയർന്നു. കഴിഞ്ഞ പാദത്തിൽ തങ്ങളുടെ ഉപഭോക്താക്കളുമായി നാല് മൾട്ടിബില്യൺ ഡോളർ കരാറുകൾ ഒപ്പിട്ടതായും വരും മാസങ്ങളിൽ കൂടുതൽ കരാറുകൾ ഒപ്പിടുമെന്നും സിഇഒ സാഫ്റ കാറ്റ്സ് ചൊവ്വാഴ്ച സ്റ്റോക്ക് മാർക്കറ്റ് അടച്ചതിന് ശേഷം പ്രഖ്യാപിച്ചു.
എഐ കമ്പനികളുടെ കമ്പ്യൂട്ടിംഗ് പവർ ആവശ്യകതകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഓറക്ക്ളിന്‍റെ ഉയർച്ചയാണ് ഈ വളർച്ചക്ക് കാരണം. ക്ലൗഡ് സേവനങ്ങളിലും ഡാറ്റാബേസ് സോഫ്റ്റ്‌വെയർ ദാതാക്കളിലുമുള്ള ഓറക്ക്ളിന്‍റെ വളർച്ചക്ക് ഇത് വലിയ രീതിയിൽ സഹായിച്ചു. ജൂലൈയിൽ, ചാറ്റ്ജിപിടിയുടെ പാരന്‍റ് കമ്പനിയായ ഓപ്പൺ എഐക്ക് എഐ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കാൻ 4.5 ജിഗാവാട്ട് വൈദ്യുതി നൽകാൻ ഓറക്ക്ൾ കരാറുണ്ടാക്കി.
















