ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഖത്തർ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി. ഖത്തറിന്റെ പരമാധികാരത്തെ ലംഘിച്ചുള്ള ആക്രമണത്തെ മോദി അപലപിച്ചു. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.‘‘ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി സംസാരിച്ചു,ദോഹയിലെ ആക്രമണങ്ങളിൽ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.സഹോദരരാജ്യമായ ഖത്തറിന്റെ പരമാധികാര ലംഘനത്തെ ഇന്ത്യ അപലപിക്കുന്നു.സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിച്ച് സംഘർഷം ഒഴിവാക്കുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു.മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇത് ആവശ്യമാണ്. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്ക്കും എതിരെ ഇന്ത്യഉറച്ചുനിൽക്കുന്നു’’ – നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.
അതേസമയം ദോഹയിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിനെ പിന്തുണച്ച് അറബ് ലോകം.യുഎഇ പ്രസിഡന്റ് ദോഹയിൽ നേരിട്ടെത്തി ഖത്തറിന് ഐക്യദാർഡ്യം അറിയിച്ചു.സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നാളെ ഖത്തറിലെത്തും.ജോർദാനും ഖത്തറിന് പിന്തുണയറിയിച്ചു. എന്നാൽ ഖത്തറിൽ ഇന്നലെ പരാജയപ്പെട്ട ദൗത്യം പൂർത്തിയാക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ശത്രുക്കൾ എവിടെയായിരുന്നാലും ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ ഹമാസും ഇസ്രയേലും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥ്യം വഹിക്കുന്ന ഖത്തറിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധം പുകയുകയാണ്. അന്താരാഷ്ട്രയുദ്ധനിയമങ്ങളുടെ ലംഘനമാണ് നടന്നതെന്ന് സൗദി അറേബ്യയും യുഎഇയും ഉൾപ്പടെയുള്ള അറബ് രാജ്യങ്ങൾ വിമർശിച്ചു. ആക്രമണം അംഗീകരിക്കാനാകാത്തതാണെന്ന് ഫ്രാൻസും ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് ബ്രിട്ടനും വ്യക്തമാക്കി. ചൈന, റഷ്യ, ഇറ്റലി, പോർച്ചുഗൽ, സ്വിറ്റ്‌സർലണ്ട്, ബെൽജിയം എന്നി യൂറോപ്യൻ രാജ്യങ്ങളും ഇസ്രയേൽ ആക്രമണത്തെ അപലപിച്ചു.
















