ഏഷ്യാ കപ്പ് ക്രിക്കറ്റിൽ യുഎഇയെ ഒൻപത് വിക്കറ്റിന് തകർത്ത് ഇന്ത്യക്ക് ഉജ്ജ്വല വിജയം നേടിയിരിക്കുകയാണ്… ദുബായിൽ നടന്ന മത്സരത്തിൽ യുഎഇ ഉയർത്തിയ 58 റൺസ് വിജയലക്ഷ്യം ഇന്ത്യ 4.3 ഓവറിൽ മറികടക്കുകയായിരുന്നു. ഇന്നത്തെ വിജയത്തിൽ സഞ്ജുവിൻ്റെ വിക്കറ്റ് കീപ്പിങ് പ്രകടനങ്ങൾ എടുത്തുപറയേണ്ടതാണ്.യുഎഇ ബാറ്റിങ് നിര ഇന്ത്യൻ ബോളർമാർക്ക് മുൻപിൽ തകർന്നടിഞ്ഞപ്പോൾ രണ്ട് തകർപ്പൻ ക്യാച്ചുകളും സഞ്ജുവിൽ നിന്ന് വന്നു. ജസ്പ്രീത് ബുംറയുടെ വൈഡ് ബോൾ ഡൈവ് ചെയ്ത് തടഞ്ഞും ശിവം ദുബെയുടെ പന്തിൽ ആസിഫ് ഖാൻ്റെ ബാറ്റിൻ്റെ എഡ്ജിൽ തട്ടിയ പന്ത് കൈയിലൊതുക്കിയും സഞ്ജു മികവ് കാട്ടി. കുൽദീപ് യാദവിൻ്റെ പന്തിൽ ഹൈദർ അലിയുടെ അണ്ടർ എഡ്ജ് കൈയിലൊതുക്കി സഞ്ജു യുഎഇയുടെ ഇന്നിങ്സിന് തിരശ്ശീലയിട്ടു.
ഇതിൽ ആസിഫ് ഖാനെ പുറത്താക്കാൻ വന്ന ക്യാച്ച് ആണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്.11ാം ഓവറിലെ മൂന്നാമത്തെ പന്തിലാണ് ആസിഫ് ഖാനെ സഞ്ജു ഡൈവ് ചെയ്ത് കൈക്കലാക്കിയത്. 7 പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം എടുത്ത് നിൽക്കെ ഔട്ട്സൈഡ് എഡ്ജ് ആയി സഞ്ജുവിന്റെ വലത് വശത്തേക്ക് പന്ത് വന്നു. ഫുൾ ഡൈവ് ചെയ്ത് രണ്ട് കൈകൊണ്ടുമാണ് സഞ്ജു ക്യാച്ച് പൂർച്ചിയാക്കിയത്.കഴിഞ്ഞ ട്വൻ്റി20 പരമ്പരയിൽ ഓപ്പണറായിരുന്ന സഞ്ജുവിന് ശുഭ്മാൻ ഗിൽ തിരിച്ചെത്തിയതോടെ ആ സ്ഥാനം നഷ്ടമായി. സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളെല്ലാം അതിജീവിച്ചാണ് അദ്ദേഹം യുഎഇക്കെതിരായ മത്സരത്തിൽ കളിച്ചത്.
പരിശീലനത്തിൽ സഞ്ജുവിന് കാര്യമായി ബാറ്റിങ്ങിന് അവസരം ലഭിക്കാതിരുന്നതും വിക്കറ്റ് കീപ്പിങ് പരിശീലനത്തിന് ശേഷം കോച്ച് ഗൗതം ഗംഭീർ ബാറ്റിങ് പരിശീലനം നടത്താൻ ആവശ്യപ്പെട്ടതും സഞ്ജുവിന് പ്ലേയിങ് ഇലവനിൽ ഇടമുണ്ടാകില്ലെന്നതിൻ്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി ഗൗതം ഗംഭീർ സഞ്ജുവിൽ വിശ്വാസമർപ്പിച്ച് മധ്യനിരയിൽ ഇടം നൽകി. ജസ്പ്രീത് ബുംറയുടെ പന്തിൽ ബൗണ്ടറിയിലേക്ക് പോകുമായിരുന്ന പന്ത് ഡൈവ് ചെയ്ത് തടഞ്ഞ സഞ്ജു ആദ്യം തന്നെ കൈയടി നേടി.
















